അതിജീവിതർ സാക്ഷി; മാതൃകാ ടൗൺഷിപ്പിന് ശിലയിട്ടു
text_fieldsമുണ്ടക്കൈ - ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്,
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രിയങ്ക ഗാന്ധി എം.പി, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാജൻ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ സമീപം
കൽപറ്റ: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ആയിരങ്ങൾ സാക്ഷി. ഉരുൾപൊട്ടലിൽ ചിതറിപ്പോയ ആ മനുഷ്യർ വീണ്ടും ഒരുമിച്ച് താമസിക്കും. ഒരു ദുരന്തത്തിനും തോൽപിക്കാനാവില്ലെന്ന് പറഞ്ഞ് ഒഴുകിയെത്തിയവരെ സാക്ഷിയാക്കി, ദുരന്തബാധിതർക്കായുള്ള സർക്കാറിന്റെ മാതൃകാ ടൗൺഷിപ് പദ്ധതിക്ക് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 430 വീടുകൾ ഉൾക്കൊള്ളുന്ന ടൗൺഷിപ് നിർമാണം 2025-26 സാമ്പത്തികവർഷംതന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദുരന്തമുഖത്ത് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചെന്നും സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അതിനെ മുന്നിൽനിന്ന് നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഒരുമയുടെ കരുത്താണ് പുനരധിവാസ പദ്ധതിയുടെ നിർമാണത്തിന് തുടക്കമിടുന്നതിലേക്ക് നമ്മെ എത്തിച്ചത്. ജനങ്ങളുടെ സ്നേഹനിർഭരമായ സഹകരണമുണ്ടെങ്കിൽ അസാധ്യമാണെന്ന് തോന്നുന്നതിനെ സാധ്യമാക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. കേരളത്തിന്റെ അതിജീവനം ലോകത്തിനുതന്നെ മാതൃകയാണ്.
ദുരന്തമുണ്ടായി എട്ടുമാസം പിന്നിടുമ്പോഴേക്കും പുനരധിവാസ പദ്ധതിയിലേക്ക് കടക്കാനായത് പ്രതിപക്ഷമടക്കം എല്ലാവരുടേയും പൂർണ പിന്തുണയുള്ളതുകൊണ്ടാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിക്കാൻ 20 കോടി രൂപ അനുവദിച്ചു. ലോകചരിത്രത്തിൽതന്നെ വലിയ ദുരന്തം സംഭവിച്ചപ്പോൾ സ്വാഭാവികമായും കേന്ദ്രസർക്കാറിൽനിന്ന് വലിയ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു. 2221 കോടിയായിരുന്നു പുനരധിവാസത്തിന് വേണ്ടത്. എന്നാൽ, ഇതുവരെ ഒന്നും തന്നിട്ടില്ല. നൽകിയതാകട്ടെ 529 കോടിയുടെ തിരിച്ചടക്കേണ്ട വായ്പയാണ്.
വാഗ്ദാനങ്ങൾ എന്തുവിലകൊടുത്തും നടപ്പാക്കുകയാണ് രീതിയെന്നും അതു ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിനായുള്ള സ്പോൺസർഷിപ് പോർട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സർക്കാറിനൊപ്പം നിൽക്കുമെന്ന് നേരത്തേ തന്നെ പ്രതിപക്ഷം വാഗ്ദാനം ചെയ്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, ഗുണഭോക്താക്കളുടെ പട്ടികയടക്കം തയാറാക്കുന്നതിൽ കാലതാമസമുണ്ടായി. തുടർചികിത്സ നൽകുന്ന കാര്യത്തിലും വീഴ്ചയുണ്ടായി. ദുരന്തമുഖത്ത് എല്ലാവരും രാഷ്ട്രീയം മറന്നാണ് പ്രവർത്തിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ തറക്കല്ലിടൽ ഏപ്രിൽ ഒമ്പതിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഒ.ആർ. കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ. മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എം.പി, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും കലക്ടര് ഡി.ആര്. മേഘശ്രീ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.