'വറ്റ' മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsസുധീർ
വർക്കല: വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഗ്രാലിക്കുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു മരണം സംഭവിച്ചത്. ഭക്ഷ്യ വിഷബാധയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സുധീറിന് സ്വന്തമായി ബോട്ടുണ്ട്. സഹപ്രവർത്തകരുമായി പതിവായി മത്സ്യബന്ധനത്തിന് പോകാറുമുണ്ട്. ദിവസങ്ങൾക്ക് മുമ്പേ ഇടവ, കാപ്പിൽ, വെട്ടൂർ, അരിവാളം മേഖലയിൽ വറ്റ ചാകരയുണ്ടായിരുന്നു. എന്നാൽ സുധീറിന്റെ ബോട്ടിൽ നിന്നു വിരിച്ച വലയിൽ വറ്റ ഉണ്ടായിരുന്നില്ല. സ്വന്തം വലയിൽ വറ്റ കിട്ടിഞ്ഞതിനേ തുടർന്ന് മറ്റൊരു ബോട്ടിൽ നിന്നുമാണ് സുധീർ വില കൊടുത്ത് വീട്ടിലേക്ക് വറ്റ വാങ്ങിയത്. ഈ വറ്റയാണ് കറി വച്ച് കുടുംബത്തോടൊപ്പം കഴിച്ചത്.
വറ്റ കറി കഴിച്ചതിനെ തുടർന്ന് ഒക്ടോബർ 28ന് സുധീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിത്സയിലുമായിരുന്നു.
വറ്റ കറി കഴിച്ചതോടെ സുധീറിന്റെ ബന്ധുക്കൾക്കും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. അടുത്ത ബന്ധുവായ മുഹമ്മദ് ഹാഷിമിനെയും പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിൽ തന്നെ ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനായി.
ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി മേഖലകളിൽ വറ്റ വൻതോതിൽ ലഭിച്ചിരുന്നു. വിപണിയിൽ നിന്ന് മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വർക്കല നഗരസഭ ജാഗ്രതാനിർദേശം പുറപ്പെടുവിപ്പിച്ചിരുന്നു. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ ആരോഗ്യവിഭാഗവും പൊലീസും ചേർന്ന് വറ്റയുടെ വിൽപ്പന തടയുകയും ചെയ്തു. മത്സ്യം കേടാകാതിരിക്കാൻ ഇതിനിടെ വറ്റയിൽ രാസ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ, ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിലേക്ക് ആരോഗ്യ വിഭാഗം അധികൃതർ ശേഖരിച്ച വറ്റയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പാണ് സുധീറിന്റെ മരണം സംഭവിച്ചത്.

