കേസ് നടത്തിപ്പിൽ വീഴ്ച: കെ.എസ്.ആര്.ടി.സി ചീഫ് ലോ ഓഫിസർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ദീര്‍ഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച സ്വിഫ്റ്റുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കെ.എസ്.ആര്.ടി.സിയുടെ ചീഫ് ലോ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ചീഫ് ലോ ഓഫിസർ പി.എന്‍. ഹേനക്കെതിരെ നടപടി. ഹൈകോടതിയിലുള്ള കേസിൽ ഏഴിന് സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നു. ഇതില്‍ കെ.എസ്.ആര്.ടി.സിയുടെ നിയമവിഭാഗം വീഴ്ചവരുത്തിയെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്.
അതേസമയം, കേസില്‍ കെ.എസ്.ആര്.ടി.സിയുടെ സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തിരുന്നുവെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍നിന്നാണ് സര്‍ക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. എ.ജിയുടെ ഓഫിസില്‍നിന്ന് സത്യവാങ്മൂലം തയാറാക്കി സെക്രട്ടേറിയറ്റിലേക്ക് എത്തിച്ചിരുന്നു. ഇതിൽ സെക്രട്ടറി ഒപ്പിട്ട് തിരികെ അയക്കുന്നതിൽ ഗതാഗതവകുപ്പിന് വീഴ്ച പറ്റിയെന്നാണ് അറിയുന്നത്.
സ്വിഫ്റ്റ് രൂപവത്കരണത്തിൽ രണ്ട് ഉത്തരവുകളാണ് ഇറക്കിയിരുന്നത്. കെ.എസ്.ആര്.ടി.സിയുടെ റൂട്ടുകളില്‍ സ്വിഫ്റ്റിന്റെ ബസുകള്‍ ഓടിക്കുമെന്നാണ് 2020 ജനുവരിയിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. കോര്‍പറേഷന്റെ റൂട്ടുകള്‍ സ്വിഫ്റ്റ് കമ്പനിക്ക് കൈമാറുന്നതിനെ സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന് ഡിസംബറില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. സ്വിഫ്റ്റിന്റെ ബസുകള്‍ വ്യവസ്ഥകൾക്ക് വിധേയമായി കെ.എസ്.ആര്.ടി.സിക്ക് കൈമാറി സ്വന്തം റൂട്ടില്‍ ഓടിക്കുമെന്ന വ്യവസ്ഥയാണ് പുതുതായി ഉള്‍ക്കൊള്ളിച്ചത്.
സര്‍ക്കാറിനോട് നിലപാട് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ സര്‍ക്കാറിന്റെ ഭാഗം ഫയല്‍ ചെയ്തിരുന്നില്ല. അതേസമയം കെ.എസ്.ആര്.ടി.സിക്കെതിരായ കേസായതിനാല്‍ സര്‍ക്കാര്‍ ഭാഗം കോടതിയില്‍ എത്തിക്കുന്നതില്‍ നിയമവിഭാഗത്തിന് ചുമതലയുണ്ടായിരുെന്നന്നാണ് വിലയിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.