കൊല്ലം ജില്ല പഞ്ചായത്തിനും തിരുവനന്തപുരം കോർപറേഷനും സ്വരാജ് ട്രോഫി
text_fieldsതൃശൂർ: തദ്ദേശദിനത്തോടനുബന്ധിച്ച് മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയും മഹാത്മാ, മഹാത്മാ അയ്യൻകാളി പുരസ്കാരങ്ങളും സ്വരാജ് മാധ്യമ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം ജില്ല പഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ല പഞ്ചായത്തിന് ലഭിച്ചു. മികച്ച ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പാണ്. രണ്ടാം സ്ഥാനം തൃശൂർ ജില്ലയിലെ കൊടകരക്കും മൂന്നാം സ്ഥാനം കാസർകോട് ജില്ലയിലെ നീലേശ്വരത്തിനുമാണ്. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്ന്, രണ്ട്, മൂന്ന് ട്രോഫികൾ യഥാക്രമം കോട്ടയത്തെ വെളിയന്നൂർ, തിരുവനന്തപുരത്തെ ഉഴമലക്കൽ, തൃശൂരിലെ മറ്റത്തൂർ എന്നിവക്കാണ്. തിരുവനന്തപുരമാണ് മികച്ച കോർപറേഷൻ. നഗരസഭ വിഭാഗത്തിൽ യഥാക്രമം ഗുരുവായൂർ, വടക്കാഞ്ചേരി, ആന്തൂർ എന്നിവ മൂന്നു സ്ഥാനങ്ങൾ നേടി.
സ്വരാജ് ട്രോഫിക്കൊപ്പം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷം രൂപയും ലഭിക്കും. ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷവുമാണ് പുരസ്കാരത്തുക.
മഹാത്മാ-മഹാത്മ അയ്യൻകാളി പുരസ്കാരം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകുന്ന മഹാത്മാ പുരസ്കാരത്തിന് ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ തിരുവനന്തപുരത്തെ പെരുങ്കടവിള, കാസർകോട്ടെ നീലേശ്വരം, പാലക്കാട്ടെ അട്ടപ്പാടി എന്നിവയും ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം, ആലപ്പുഴയിലെ മുട്ടാർ, തിരുവനന്തപുരത്തെ കള്ളിക്കാട് എന്നിവയും അർഹമായി. നഗര തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന മഹാത്മാ അയ്യൻകാളി പുരസ്കാരത്തിന് കോർപറേഷൻ വിഭാഗത്തിൽ കൊല്ലവും നഗരസഭ വിഭാഗത്തിൽ യഥാക്രമം വടക്കാഞ്ചേരി, പട്ടാമ്പി (ഒന്ന്, രണ്ട് സ്ഥാനങ്ങൾ) എന്നിവയും അർഹമായി.
ലൈഫ് മിഷൻ പുരസ്കാരം
ലൈഫ് ഭവനപദ്ധതിയിലെ മികച്ച പ്രകടനത്തിന് ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് മലപ്പുറം അമരമ്പലം ഗ്രാമപഞ്ചായത്ത് അർഹമായി. ഈ വിഭാഗത്തിൽ കൊല്ലം കുളത്തൂപ്പുഴക്കാണ് രണ്ടാം സ്ഥാനം. നഗരസഭ വിഭാഗത്തിൽ പെരിന്തൽമണ്ണക്കാണ് പുരസ്കാരം. തിരുവനന്തപുരം കോർപറേഷനും ഒറ്റപ്പാലം നഗരസഭയും രണ്ടാം സ്ഥാനം പങ്കിട്ടു.
മാധ്യമപുരസ്കാരം
ദൃശ്യമാധ്യമ വിഭാഗത്തിൽ 24 ന്യൂസ് ചീഫ് റിപ്പോർട്ടർ സുർജിത് അയ്യപ്പത്ത് സ്വരാജ് മാധ്യമ പുരസ്കാരത്തിന് അർഹനായി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ പ്രത്യേക പരാമർശത്തിന് അർഹയായി.
അച്ചടിമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ എം.കെ. സുരേഷിനും ‘ദി ഹിന്ദു’ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് എസ്.ആർ. പ്രവീണിനുമാണ് സ്വരാജ് പുരസ്കാരം. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്‍റ് ഷില്ലർ സ്റ്റീഫനും ദേശാഭിമാനി സ്പെഷൽ കറസ്പോണ്ടന്‍റ് പി.വി. ജീജോയും പ്രത്യേക പരാമർശത്തിന് അർഹരായി.
25,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും മെമന്‍റോയുമാണ് സ്വരാജ് മാധ്യമപുരസ്കാരത്തിനുള്ള സമ്മാനം. പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 10,000 രൂപയും മെമന്‍റോയും പ്രശസ്തിപത്രവും സമ്മാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.