
കെ.എസ്.ആർ.ടി.സിയിലെ സ്വിഫ്റ്റ് രൂപവത്കരണം, ശമ്പളപരിഷ്കരണം: യൂനിയനുകളുമായുള്ള മന്ത്രിതല ചർച്ച വഴിമുട്ടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റ് രൂപവത്കരണം, ശമ്പളപരിഷ്കരണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യൂനിയനുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ധനമന്ത്രി തോമസ് െഎസക്, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നതെങ്കിലും സ്വിഫ്റ്റ് രൂപവത്കരണകാര്യത്തിൽ പ്രതിപക്ഷ യൂനിയനുകൾ കർക്കശ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. സ്വതന്ത്ര കമ്പനി എന്നതിൽനിന്ന് മാറി, കെ.എസ്.ആർ.ടി.സിയുടെ കീഴിൽതന്നെ സ്വതന്ത്ര സൊസൈറ്റിയായി സ്വിഫ്റ്റ് രൂപവത്കരിക്കാമെന്ന നിർദേശം മന്ത്രിമാർ മുന്നോട്ടുവെച്ചെങ്കിലും ധാരണയിലെത്താനായില്ല.
കിഫ്ബിയിൽനിന്നുള്ള സാമ്പത്തിക സഹായത്തിന് കമ്പനി രൂപവത്കരിക്കണമെന്ന് മാനദണ്ഡമുണ്ടെന്ന് മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു. അതേസമയം സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിയുടെ അസ്തിത്വം ഇല്ലാതാക്കുമെന്നതായിരുന്നു പ്രധാന ആരോപണം. ദീർഘദൂര സർവിസുകൾ പുതിയ കമ്പനിയിലേക്ക് മാറ്റുന്നതിലും ശക്തമായ വിയോജിപ്പുയർന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാനമെന്നത് ദീർഘദൂര സർവിസുകളാണെന്നും ഇവ പൂർണമായും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിലൂടെ നഷ്ടക്കണക്കുകൾ മാത്രമുള്ള ഒാർഡിനറി സർവിസുകളുടെ കോർപറേഷനായി കെ.എസ്.ആർ.ടി.സി ചുരുങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ആശങ്കകളും വിയോജിപ്പുകളും ശക്തമായതോടെ ചർച്ച അധികം മുന്നോട്ടുപോകാനായില്ല. സ്വിഫ്റ്റിൽ തട്ടി ചർച്ച വഴിമുട്ടിയതോടെ ഒരു സമവായത്തിലെത്തിയിട്ട് ചർച്ചയാകാെമന്ന നിലപാടിലേക്ക് യോഗം മാറുകയായിരുന്നു. ഇതോടെ മറ്റ് അജണ്ടകളിലേക്കും കടക്കാനാകാതെ യോഗം പിരിയുകയായിരുന്നു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ നിയമനകാര്യം, താൽക്കാലിക വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് എസ്.സി/ എസ്.ടി കമീഷെൻറ നിർദേശങ്ങൾ വിലയിരുത്തൽ, ശമ്പള പരിഷ്കരണ കരാർ നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളായിരുന്നു മറ്റ് അജണ്ടകളായുണ്ടായിരുന്നത്. അതേസമയം ശമ്പളപരിഷ്കരണ കാര്യത്തിലെ അനിശ്ചിതത്വം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമായി ഉയരുന്നുണ്ട്. മാനേജ്മെൻറിനെതിരെ എന്നതിനൊപ്പം യൂനിയനുകൾക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
അതിനിടെ, അഞ്ച് വർഷത്തിനിടെ കെ.എസ്.ആർ.ടി.സിക്ക് 6000 കോടി രൂപ നൽകിയെന്നും ഈ നിലയിൽ മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് കമ്പനി രൂപവത്കരണത്തിന് യൂനിയനുകൾക്ക് എതിർപ്പുണ്ടെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള സൊസൈറ്റിയാക്കാം. -മന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.