സിനഗോഗിന് മുന്നിലെ തീവെപ്പ്: വിക്രമും ബോസും ഒരാളോ?; കണ്ടെത്താൻ പൊലീസ്
text_fieldsകൊച്ചി: എറണാകുളം കടവുംഭാഗത്തെ സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്തിയ സംഭവത്തിൽ പ്രതി എബിൻ പോളിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പൊരുൾ തേടി അന്വേഷണ സംഘം. സിനഗോഗ് ആക്രമണത്തിന് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് എബിൻ കഴിഞ്ഞ ദിവസം പൊലീസിനേട് പറഞ്ഞിരുന്നു. ഈ വിക്രമും നിർദേശങ്ങൾ നൽകിയതായി പ്രതി ആദ്യം പറഞ്ഞ ബോസും ഒരാളാണോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
ഓൺലൈനിലൂടെ പരിചയപ്പെട്ട വിക്രമാണ് ക്വട്ടേഷൻ നൽകിയതെന്നാണ് കസ്റ്റഡിയിൽ വാങ്ങി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ എബിൻ പറഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവരുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൃത്യം നിർവഹിക്കാൻ നിർദേശം നൽകിയതാരാണെന്നും സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്നും ഇതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളും ഫോറൻസിക് ഫലത്തിലൂടെ വ്യക്തമാകും. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് എബിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
അതിനിടെ, എബിന് രാജ്യാന്തര ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ബന്ധമുള്ളതായും സംശയമുണ്ട്. എബിന്റെ ലാപ് ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ സെർച്ച് ഹിസ്റ്ററിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്. കടവുംഭാഗം സിനഗോഗിന് മുന്നിൽ ഉൾപ്പെടെ നാലിടങ്ങളിൽ പ്രതി തീവെപ്പ് നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. ഇതിനെല്ലാം പ്രതിഫലം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നു.

