മതവിദ്വേഷ വിത്തുകൾ വിതയ്ക്കാനുള്ള ശ്രമം -ജനം ടി.വിയുടെ ‘ചാർളി തോമസ്’ പരാമർശത്തിനെതിരെ സീറോ-മലബാർ സഭ
text_fieldsകൊച്ചി: ജയില്‍ ചാടിയ ബലാത്സംഗ- കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ച ജനം ടി.വിക്കെതിരെ വിമർശനവുമായി സീറോ-മലബാർ സഭ. ഗോവിന്ദച്ചാമി ഒരിക്കൽ പൊലീസിന് വ്യാജമായി പേര് നൽകിയ ചാർളി തോമസ് എന്ന് പേര് പരാമർശിച്ചുകൊണ്ട് ജനം ടി.വി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ മനഃപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി സീറോ-മലബാർ സഭ മീഡിയ കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടുകയും മണിക്കൂറുകൾക്കകം പിടിയിലാകുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ‘ചാര്‍ളി തോമസ് ജയില്‍ ചാടി’, ‘ചാര്‍ളി തോമസ് പിടിയിലായി’ തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടി.വി നല്‍കിയിരുന്നത്. ഇതിനെതിരെയാണ് സീറോ-മലബാർ സഭ രംഗത്തുവന്നത്. സംഭവത്തിൽ സഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വർഗീയ വികാരങ്ങൾ ആളിക്കത്തിക്കാനാണ് ഇത് ഉപയോഗിച്ചതെന്നും പ്രേക്ഷകർക്കിടയിൽ മതവിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കാനുള്ള ശ്രമമാണെന്നും സീറോ-മലബാർ സഭ വ്യക്തമാക്കി.
പൊലീസ് ഫയലുകളിലും കോടതി വിധികളിലും സുപ്രീം കോടതി രേഖകളിലുമടക്കം ഗോവിന്ദച്ചാമി എന്ന പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചാർളി തോമസ് എന്ന അപരനാമം ഉപയോഗിക്കുന്നത് തുടരുന്ന ജനം ടി.വി, മാധ്യമപ്രവർത്തന നൈതികതയുടെയും ധാർമിക മര്യാദയുടെയും ലംഘനമാണ് നടത്തിയത്. ചാർളി, കൃഷ്ണൻ, രാജ്, രമേശ് എന്നിങ്ങനെ നിരവധി വ്യാജ പേരുകൾ പൊലീസിന് നൽകുന്ന പതിവ് ഗോവിന്ദച്ചാമിക്ക് ഉണ്ടായിരുന്നു. ആദ്യകാല പൊലീസ് റിപ്പോർട്ടുകളിൽ ചാർളി തോമസ് എന്ന അപരനാമം ഉപയോഗിച്ചിരിക്കാമെങ്കിലും തുടർന്നുള്ള അന്വേഷണത്തിലും നിയമനടപടികളിലും യഥാർത്ഥ പേരായ ഗോവിന്ദച്ചാമിയെന്നാണ് ഉപയോഗിച്ചത്. സുപ്രീം കോടതി അന്തിമ വിധിന്യായത്തിലും പേര് ഗോവിന്ദസ്വാമി എന്നാണ് രേഖപ്പെടുത്തിയത്.
പ്രതിയുടെ യഥാർത്ഥ പേര് ഗോവിന്ദച്ചാമി എന്നാണെന്ന് സുപ്രീം കോടതി വിധി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സീറോ മലബാർ സഭ മീഡിയ കമീഷൻ സെക്രട്ടറിയും വക്താവുമായ ഫാ. ടോം ഒളിക്കരോട്ട് പറഞ്ഞു. മറ്റ് മാധ്യമങ്ങളൊന്നും തെറ്റായ പേര് ഉയർത്തിക്കാട്ടിയില്ലെന്നും ആവർത്തിച്ച് തെറ്റായ പേര് പറഞ്ഞതിനുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സംശയിക്കുന്നെന്നും ജനം ടി.വി അധികൃതർ അധികാരികൾ തെറ്റായ പേര് ഉപയോഗിച്ചതിന്റെ സാഹചര്യം വിശദീകരിക്കണമെന്നും ഫാ. ടോം ഒളിക്കരോട്ട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.