‘വോട്ട് മാറ്റാൻ അപേക്ഷ നൽകിയത് നിയമപരമായി, ബി.ജെ.പിക്ക് ആയുധം കൊടുക്കാനാണ് സി.പി.എം ശ്രമം’- ടി. സിദ്ദീഖ്
text_fieldsവയനാട്: സി.പി.എമ്മുയർത്തിയ ഇരട്ടവോട്ടാരോപണത്തിൽ പ്രതികരണവുമായി ടി. സിദ്ദീഖ് എം.എൽ.എ. ബി.ജെ.പിക്ക് ആയുധം കൊടുക്കാനാണ് സി.പി.എം ശ്രമമെന്ന് ടി. സിദ്ദീഖ് ആരോപിച്ചു. കെ. റഫീഖ് ബി.ജെ.പിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്നും ടി. സിദ്ദീഖ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടുമാറ്റത്തിന് സാധാരണയായി ഫോം നമ്പർ നാലുപ്രകാരമാണ് അപേക്ഷ നൽകുക. എന്നാൽ, തെരഞ്ഞെടുപ്പ് സംവിധാനമനുസരിച്ച് ഒരു പഞ്ചായത്തിനകത്തോ മുനിസിപ്പാലിറ്റിക്കകത്തോ ആണെങ്കിൽ മാത്രമാണ് ഇത് സാധ്യമാവുക. മുമ്പ് പെരുമണ്ണ പഞ്ചായത്തിലായിരുന്നു വോട്ട്. അത് നിലവിൽ പ്രതിനിധാനം ചെയ്യുന്ന കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള തന്റെ വീട്ടുനമ്പറിലേക്ക് മാറ്റാനായി ഫോം നമ്പർ നാലനുസരിച്ചാണ് അപേക്ഷ നൽകിയത്. നിലവിലെ ചട്ടമനുസരിച്ച്, അത് മാത്രമേ സാധ്യമാവൂ. അപേക്ഷ നൽകുന്ന സമയത്ത് വോട്ടർ ഐ.ഡിയും ആധാറുമടക്കം രേഖകൾ സമർപ്പിച്ചിരുന്നുവെന്നും ടി.സിദ്ദിഖ് പറഞ്ഞു.
സ്വാഭാവികമായി വോട്ടർ ഐ.ഡി അനുസരിച്ച് ഇരട്ട വോട്ടുണ്ടെങ്കിൽ നീക്കേണ്ടത് ഇലക്ടറൽ ഓഫീസറുടെ ഉത്തരവാദിത്വമാണ്. നിലവിൽ സി.പി.എം ഉന്നയിച്ച ആരോപണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുള്ള മാർഗനിർദേശങ്ങളിൽ പേരുൾപ്പെടുത്തുന്നതിനുള്ള അപേക്ഷയിൽ അപേക്ഷകൻ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിലെ വാർഡിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥൻ ഉടൻ തന്നെ ആ വിവരം, വിശദാംശങ്ങളടക്കം ഇതിനകം ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്തെ ഓഫീസർമാരെ അറിയിക്കണമെന്നും നീക്കം ചെയ്യണമെന്നും നിർദേശമുണ്ടെന്നും ടി. സിദ്ദീഖ് പറഞ്ഞു.
സി.പി.എം വയനാട് ജില്ല സെക്രട്ടറി റഫീഖ് ആണ് ടി ടി. സിദ്ദീഖിനെതിരെ ആരോപണം ഉന്നയിച്ചത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും വോട്ടെന്ന് ആയിരുന്നു ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്. കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും റഫീഖ് കുറ്റപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.