വന്യമൃഗാക്രമണത്തെ കുറിച്ച് അന്വേഷിച്ച് മടങ്ങുമ്പോൾ തഹസിൽദാരുടെ വാഹനം കാട്ടാന ആക്രമിച്ചു
text_fieldsഅതിരപ്പിള്ളി: വന്യമൃഗാക്രമണത്തെ കുറിച്ച് അന്വേഷിച്ച് മടങ്ങുമ്പോൾ ചാലക്കുടി തഹസിൽദാരുടെ വാഹനം കാട്ടാന ആക്രമിച്ചു. വീരാൻകുടി ഉന്നതിയിൽ പുലി പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ച രാഹുൽ എന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനാണ് തഹസിൽദാർ അടങ്ങുന്ന സംഘം മലക്കപ്പാറയിൽ പോയത്.
കുട്ടിയുടേത് ഉൾപ്പെടെ ഏഴു കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. മലക്കപ്പാറയിൽ പോയി മടങ്ങിവരുമ്പോൾ രാത്രി 11 കഴിഞ്ഞിരുന്നു. തഹസിൽദാർ കെ.എ. ജേക്കബ്, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസിൽദാർ എം.എ. ശ്രീജേഷ്, ക്ലർക്ക് അൻവർ സാദത്ത്, അതിരപ്പിള്ളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവരടങ്ങുന്ന റവന്യു സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
തഹസിൽദാരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന പിന്നിൽനിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കിയതോടെ കാട്ടാന ഓടിമറഞ്ഞു. തൊട്ടുമുന്നിൽ അകമ്പടി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു. രാത്രിയിൽ ഈ വഴിയിൽ ഗതാഗത നിയന്ത്രണമുള്ളതാണ്.
ഒന്നാം തീയതി രാവിലെയാണ് നാല് വയസ്സുകാരൻ ഉറങ്ങുമ്പോൾ കുടിലിൽനിന്ന് പുലി കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.