കോൺട്രാക്ട്-സ്റ്റേജ് കാരേജ്-ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണം നാളെ മുതൽ
text_fieldsപാലക്കാട്: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോൺട്രാക്ട് കാരേജ്, സ്റ്റേജ് കാരേജ്, ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിലെ പുനഃക്രമീകരണം ചൊവ്വാഴ്ച നിലവിൽ വരും. സംസ്ഥാന ബജറ്റിലാണ് കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമം 1976ലെ ഷെഡ്യൂൾ, അനക്സർ എന്നിവയുടെ ഭേദഗതിയിലൂടെ നികുതി നിരക്കിൽ മാറ്റം വരുത്തിയത്. കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്ക് ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്ന തരംതിരിവ് ഇല്ലാതെ ത്രൈമാസ നികുതി ഏകീകരിച്ചു. ഏഴുമുതൽ 12 വരെ യാത്രക്കാർ യാത്ര ചെയ്യുന്ന കോൺട്രാക്ട് കാരേജുകളുടെ ത്രൈമാസ നികുതി 350 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ ഇത് ഓർഡിനറിക്ക് 250, പുഷ്ബാക്ക് സീറ്റ് 450, സ്ലീപ്പർ സീറ്റ് 900 രൂപ എന്നിങ്ങനെയായിരുന്നു. 13 മുതൽ 20 പേർ വരെ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സീറ്റൊന്നിന് 600 രൂപയാക്കി. നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 450, 650, 1350 രൂപ എന്നിങ്ങനെയാണ്.
സീറ്റുകളുടെ എണ്ണം 20ന് മുകളിലാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 650, 900, 1800 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് സീറ്റൊന്നിന് 900 രൂപയാക്കി. ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പെടുന്നതും സ്ലീപ്പർ ബർത്തുകൾ ഘടിപ്പിച്ചതുമായ കോൺട്രാക്ട് കാരേജുകളുടെ ത്രൈമാസ നികുതി സീറ്റൊന്നിന് 1500 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ ഇത് 1800 രൂപയായിരുന്നു. ഇത്തരം വാഹനങ്ങളിൽ ബെർത്തുകൾക്കൊപ്പം സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഓരോ ബെർത്തിനും 1500 രൂപ നിരക്കിലും സീറ്റുകൾക്ക് 900 രൂപ നിരക്കിലും നികുതി ഈടാക്കണം. ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സീറ്റൊന്നിന് 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ സീറ്റിനും പുഷ് ബാക്ക് സീറ്റിനും ഒരേ നിരക്കാണ്. നേരത്തേ ഇത് യഥാക്രമം 2250, 3000 രൂപ എന്നിങ്ങനെയായിരുന്നു. എന്നാൽ, സ്ലീപ്പർ ബെർത്തിനുള്ള 4000 രൂപ എന്ന നിലവിലെ നിരക്കിന് മാറ്റമില്ല.
സാധാരണ പെർമിറ്റുള്ള സ്റ്റേജ് കാരേജ് ത്രൈമാസ നികുതി ഓരോ യാത്രക്കാരനും 540 രൂപ ആയിരുന്നത് 490 രൂപയായി കുറച്ചു. ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസ് പെർമിറ്റുള്ള സ്റ്റേജ് കാരേജുകളുടെ ത്രൈമാസ നികുതി ഓരോ യാത്രക്കാരനും 560 രൂപയാക്കി. നേരത്തേ ഇത് 620 രൂപയായിരുന്നു. ഇത്തരം വാഹനങ്ങളിൽനിന്ന് കൊണ്ട് യാത്ര ചെയ്യുന്നതിനുള്ള നികുതി ഓരു യാത്രക്കാരന് 190 രൂപ ഉണ്ടായിരുന്നത് 170 രൂപയാക്കി. ടൗൺ, സിറ്റി പെർമിറ്റുള്ള വാഹനങ്ങളിൽനിന്ന് കൊണ്ട് യാത്ര ചെയ്യുന്നതിന് നേരത്തേ 140 രൂപയായിരുന്നു. ഇത് 130 രൂപയാക്കി നിശ്ചയിച്ചു.
അതേസമയം, രജിസ്ട്രേഷൻ കാലാവധിയായ 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ പുതുക്കുന്ന മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും അഞ്ച് വർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്നും 1350 രൂപയായി വർധിപ്പിച്ചു. 750 കി.ഗ്രാം വരെ യു.എൽ.ഡബ്ല്യൂ ഉള്ള മോട്ടോർ കാറുകളുടെ അഞ്ച് വർഷ നികുതി 6400 രൂപയിൽനിന്ന് 9600 രൂപയായാണ് വർധിപ്പിച്ചത്. 750 മുതൽ 1500 കി.ഗ്രാം വരെയുള്ള കാറുകൾക്ക് 12,900 രൂപയാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ ഇത് 8600 രൂപയായിരുന്നു. 1500 കി.ഗ്രാമിന് മുകളിലുള്ള കാറുകൾക്ക് 10,600 രൂപയിൽനിന്ന് 15,900 രൂപയുമാക്കി.
ഇലക്ട്രിക് വാഹനങ്ങൾക്ക് വിലയുടെ അടിസ്ഥാനത്തിൽ നികുതി
സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും. ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കുന്നത് അഞ്ച് ശതമാനം നികുതിയാണ്. പുതുതായി രജിസ്റ്റർ ചെയ്യുന്നതിനായി നികുതി അടച്ച് അപേക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഫാൻസി നമ്പർ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ താൽക്കാലിക രജിസ്ട്രേഷൻ കാലാവധിക്കുള്ളിൽ വാഹനം രജിസ്റ്റർ ചെയ്താൽ പുതുക്കിയ നിരക്കിലുള്ള നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലറിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.