സാമ്പത്തിക പ്രതിസന്ധിയിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം: അധ്യാപികക്ക് ശമ്പളകുടിശ്ശിക 29 ലക്ഷം അനുവദിച്ചു
text_fieldsജീവനൊടുക്കിയ വി.ടി. ഷിജോ
റാന്നി: ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ, അധ്യാപികയായ ഭാര്യക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക അനുവദിച്ചു. പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ് യു.പി സ്കൂൾ അധ്യാപിക ലേഖ രവീന്ദ്രന്‍റെ കുടിശ്ശികയിൽ 29 ലക്ഷമാണ് ലഭിച്ചത്. ശേഷിക്കുന്ന 23 ലക്ഷം പി.എഫിൽ ലയിപ്പിക്കും.
ഇവരുടെ 12 വർഷത്തെ ശമ്പളം കുടിശ്ശികയായിരുന്നു. ഇതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ മനോവിഷമത്തില്‍ ഭർത്താവ് റാന്നി അത്തിക്കയം നാറാണംമൂഴി വടക്കേച്ചരുവിൽ വി.ടി. ഷിജോ (47) ജീവനൊടുക്കുകയായിരുന്നു.
ഭർത്താവിന്‍റെ മരണത്തിനു പിന്നാലെ അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടും തുക നൽകിയില്ലെന്ന വിവരം പുറത്തു വന്നത് വലിയ ചർച്ചയായിരുന്നു. സംഭവം വിവാദമായതോടെ ജില്ല വിദ്യാഭ്യാസ ഓഫിസിലെ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
സെൻറ് ജോസഫ് സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശവും നൽകി. എന്നാൽ, മൂന്നു മാസം മുമ്പ് മാത്രം ചുമതലയേറ്റ പ്രധാന അധ്യാപികക്ക് വീഴ്ചയില്ലെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. സസ്പെൻഷൻ നിർദേശത്തിനെതിരെ സ്കൂൾ മാനേജ്മെന്റ് ഹൈകോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.