ശമ്പളകുടിശ്ശിക തടഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവം; മുഖം രക്ഷിക്കാൻ തിരക്കിട്ട നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
text_fieldsവി.ടി. ഷിജോ
പത്തനംതിട്ട: അധ്യാപികയുടെ ശമ്പളകുടിശ്ശിക അനിശ്ചിതമായി തടഞ്ഞുവെച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കുടിശ്ശിക ബില്ലുകൾ സ്കൂളിൽ നിന്ന് അടിയന്തരമായി ശേഖരിച്ച് ഡി.ഇ ഓഫിസ് അധികൃതർ ഒപ്പുവെച്ചു. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്കൂൾ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വർഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസിൽ നിന്ന് തടഞ്ഞുവെച്ചതിൽ മനംനൊന്ത് ഭർത്താവ് വി.ടി. ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയ സംഭവങ്ങളെ തുടർന്നാണ് മുഖം രക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തിരക്കിട്ട നീക്കം. ലേഖ രവീന്ദ്രന്റെ ശമ്പള ബില്ലുകൾ തയാറാക്കിവെച്ചിരുന്നത് നേരിട്ട് ഡി. ഇ.ഒയിലെത്തിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിക്കുകയായിരുന്നു.
പത്തനംതിട്ട ഡി.ഇ.ഒ തസ്തികയിൽ ആളില്ലാത്തതിനാൽ ചുമതലയുള്ള പി.എ ആശുപത്രിയിലായിരുന്നിട്ട് കൂടി അവിടെ എത്തിച്ച് ഒപ്പിടീക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഓഫിസിലെ മൂന്ന് ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാനേജ്മെന്റിനോട് നിർദേശിച്ചിരുന്നു.
അധ്യാപികയുടെ നിയമനം അംഗീകരിച്ച് ശമ്പളം നൽകുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പ്രഥമാധ്യാപികക്ക് എതിരെയും നടപടിക്കുള്ള നിർദേശം. എന്നാൽ പ്രഥമാധ്യാപികക്ക് എതിരെ തിടുക്കത്തിൽ നടപടിയെടുക്കില്ലെന്ന് മാനേജർ ജോർജ് ജോസഫ് വ്യക്തമാക്കി. ലേഖ രവീന്ദ്രന് ശമ്പള കുടിശ്ശിക ലഭിക്കാൻ നിയമ നടപടികൾക്ക് സ്കൂൾ മാനേജ്മെന്റ് പിന്തുണ നൽകിയിരുന്നതായി മാനേജർ പറഞ്ഞു.
നിലവിലെ പ്രഥമാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫിസാണ്. കുടിശ്ശിക നൽകണമെങ്കിൽ വിദ്യാഭ്യാസ ജില്ല ഓഫിസിൽ നിന്ന് ഒതന്റിഫിക്കേഷൻ ലഭ്യമാകണം. ഇതിന് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ലെന്നും മാനേജർ അറിയിച്ചു. ഷിജോയുടെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.