തെലങ്കാനക്ക് നൽകിയ വാഗ്ദാനങ്ങൾ രേവന്ത് റെഡ്ഡി നടപ്പാക്കിയില്ല -കെ. കവിത
text_fieldsഅമരാവതി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ കോൺഗ്രസ് പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിത രംഗത്ത്. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെയും രേവന്ത് റെഡ്ഡിയെയും വിശ്വസിക്കരുത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ, കോൺഗ്രസ് തെലങ്കാനയിലെ തെരഞ്ഞെടുപ്പിൽ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഒന്നും പാലിക്കാൻ അവർക്ക് സാധിച്ചില്ല. തെലുങ്കാനയിലെ ജനങ്ങളെ അവർ വഞ്ചിച്ചിരിക്കുകയാണെന്ന് കേരളീയരെ ഓർമിപ്പിക്കുന്നു.
തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകി. എന്നാൽ, അതിൽ പകുതി വാഗ്ദാനം പോലും നടപ്പാക്കിയില്ലെന്ന് കെ. കവിത ചൂണ്ടിക്കാട്ടി. തെലങ്കാനയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ തനിക്ക് അത് ഉറപ്പിച്ചു പറയാൻ സാധിക്കും. തെലങ്കാനയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു പക്ഷേ, നൽകിയില്ല. യുവാക്കൾക്ക് ജോലി നൽകുമെന്നും കർഷകർക്ക് ബോണസ് നൽകുമെന്നും പറഞ്ഞ് കോൺഗ്രസ് വഞ്ചിച്ചു. പെൻഷൻ വർധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്റെ ചരിത്രം. അവർ തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എ.ടി.എം ആയിട്ടാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പണം തെലങ്കാനയിൽ നിന്നുള്ള അഴിമതി പണമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അവയെല്ലാം വ്യാജമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, വിജയൻ ജിക്ക് വോട്ട് ചെയ്യുക. തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യർഥനയാണിതെന്നും കെ. കവിത എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

