മോഷ്ടാവിന്റെ കൈയിൽ കാലിക്കറ്റ് സർവകലാശാലയിലെ നാല് ലക്ഷത്തിന്റെ ടെലസ്കോപ്പ്; അധികൃതർ അറിഞ്ഞത് പൊലീസെത്തിയപ്പോൾ
text_fieldsമലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയിട്ടും അധികൃതർ അറിഞ്ഞത് പൊലീസെത്തിയപ്പോൾ. കരിപ്പുർ പൊലീസ് മൊബൈൽ ഫോൺ മോഷണക്കേസിൽ പിടികൂടിയ വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ് കണ്ടെത്തിയത്.
ടെലസ്കോപ് ഇയാളിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെ പൊലീസെത്തി വിവരം അറിയിച്ചതോടെയാണ് മോഷണക്കാര്യം സർവകലാശാല അധികൃതർ അറിയുന്നത്. ഫിസിക്സ് പഠനവകുപ്പിന് കീഴിലെ മാധവ ഒബ്‌സർവേറ്ററിയിൽനിന്നാണ് ടെലസ്കോപ് മോഷണം പോയത്. രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസമാണ് മോഷ്ടിച്ച മൊബൈൽഫോണുകളുമായി ദിൽഷാദിനെ കരിപ്പുർ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ടെലസ്കോപ്പും കണ്ടെത്തി. ടെലസ്കോപ് സർവകലാശാലയിലേതാകാമെന്ന നിഗമനത്തിൽ പൊലീസ് സർവകലാശാലയിൽ എത്തുകയായിരുന്നു. എപ്പോഴാണ് മോഷണം നടന്നതെന്ന കാര്യം വ്യക്തമല്ല. മോഷണക്കേസിൽ അറസ്റ്റിലായ ദിൽഷാദ് നിലവിൽ റിമാൻഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ടെലസ്കോപിന്റെ ലെൻസിൽ കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ഉപയോഗത്തിനുശേഷം ഓരാ ഭാഗങ്ങളും പ്രത്യേകം അഴിച്ചുവെച്ചാണ് സൂക്ഷിച്ചിരുന്നത്. ആവശ്യം വരുമ്പോൾ കൂട്ടിയോജിപ്പിക്കും. അതേസമയം, മോഷണം റിപ്പോർട്ട് ചെയ്തതോടെ പഠനവിഭാഗങ്ങളിലെ സാധനസാമഗ്രികളുടെ അടിയന്തര കണക്കെടുപ്പിന് സർവകലാശാല നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

