കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർമാരെ ഒഴിവാക്കി; ആദ്യദിനം മുടങ്ങിയത് 1000 സർവിസുകൾ
text_fieldsതിരുവനന്തപുരം: ഹൈകോടതി വിധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി ബുധനാഴ്ച മുതൽ 2000ത്തോളം ദിവസവേതനക്കാരായ ഡ്രൈവർമാരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ഇതോടെ ഡ്രൈവർക്ഷാമം കാരണം, ആദ്യ ദിനത്തിൽ ആയിരത്തോളം സർവിസുകൾ മുടങ്ങി.
അവധി ദിവസമായതിനാൽ ഇത് യാത്രക്കാരെ കാര്യമായി ബാധിച്ചില്ലെങ്കിലും ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സ്ഥിതി രൂക്ഷമാകും. തടസ്സപ്പെട്ടതിൽ ഒാർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെയുള്ള സർവിസുകളുണ്ട്. അഞ്ച് മിനിറ്റ് ഇടവേളകളിൽ ഫാസ്റ്റ് പാസഞ്ചറുകൾ ഒാടിയിരുന്നിടത്ത് അരമണിക്കൂർ വരെ ബസ് കാത്ത് നിൽക്കേണ്ടി വന്നു. ഇതോടെ ദേശീയപാതയിലും എം.സി റോഡിലും യാത്രദുരിതം അനുഭവപ്പെട്ടു. അവധിദിവസത്തിന് ശേഷം യാത്രക്കാർ കൂടുതലെത്തുന്ന വ്യാഴാഴ്ച ഇതിലും രൂക്ഷമാകും സ്ഥിതി.
കഴിഞ്ഞ ഏപ്രിൽ 30ന് പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിച്ചതാണ് കോടതി തടഞ്ഞത്. ജൂലൈ ഒന്നിന് ശേഷം കോർപറേഷനിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നാണ് നിർദേശം. ഇക്കാര്യം നടപ്പിലാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതോടെയാണ് കെ.എസ്.ആർ.ടി.സി നടപടിക്ക് നിർബന്ധിതമായത്. എം പാനലുകാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തിയാൽ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകും. നിലവിൽ സിംഗിൾ ഡ്യൂട്ടിക്ക് താൽക്കാലിക ഡ്രൈവർമാർക്ക് നൽകുന്നത് 550 രൂപയാണ്. എന്നാൽ സ്ഥിരം ഡ്രൈവർമാർക്കിത് 800 മുതൽ 1500 രൂപവരെയാണ്.
കെ.എസ്.ആർ.ടി.സിയിൽ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് കുറക്കുന്നതിന് സ്ഥിരം നിയമനങ്ങൾ കുറക്കണമെന്നാണ് സുശീൽ ഖന്ന റിപ്പോർട്ട് നിർദേശിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ആർ.ടി.സികളെല്ലാം ദിവസവേതനാടിസ്ഥാനം, കരാർ തുടങ്ങി വിവിധ പേരുകളിൽ താൽക്കാലിക ഡ്രൈവർമാരെ നിലനിർത്തിയിട്ടുണ്ട്. നേരത്തേ എം പാനലുകാരായി ജോലി ചെയ്തിരുന്ന തെക്കൻ മേഖലയിലെ 1479ഉം മധ്യമേഖലയിൽ 257ഉം വടക്കൻ മേഖലയിൽ 371ഉം പേരെയാണ് കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടത്. ഇവരെ ദിവസവേതനക്കാരായി നിയമിച്ച നടപടിയാണ് ഇപ്പോൾ കോടതി തടഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.