അതിരൂപത തർക്കത്തിന് താൽക്കാലിക പരിഹാരം
text_fieldsകൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിന് താൽക്കാലിക പരിഹാരം. പുതുതായി ചുമതലയേറ്റ എറണാകുളം ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിയും പ്രാർഥനയജ്ഞത്തിനിടെ ബലംപ്രയോഗിച്ച് നീക്കിയ 21 വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമവായമുണ്ടായത്. വൈദികർ നടത്തിവന്ന സത്യഗ്രഹ സമരവും പിൻവലിക്കാൻ ധാരണയായി. ഏറെക്കാലമായി തലവേദനയുണ്ടാക്കുന്ന കുർബാനതർക്കം പരിഹരിക്കുന്നതിലേക്കുള്ള ചവിട്ടുപടിയാണിതെന്നും സൂചനയുണ്ട്. ഒരുമാസത്തിനകം മുഴുവൻ കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന് മാർ പാംപ്ലാനി ഉറപ്പുനൽകി. വൈദികർക്കെതിരായ ശിക്ഷാനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഠിച്ചശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച അർധരാത്രിയാണ് പാംപ്ലാനിയും 21 വൈദികരും തമ്മിൽ പ്രശ്നപരിഹാര ചർച്ച നടന്നത്. ഇതിനു തൊട്ടുമുമ്പ് അതിരൂപതയിലെ ഇരുവിഭാഗങ്ങളുമായി എറണാകുളം ജില്ല കലക്ടർ ചർച്ച നടത്തിയിരുന്നു. അതിനിടെ കലക്ടർ ഫോണിൽ ബന്ധപ്പെട്ട് പാംപ്ലാനിയോട് സ്ഥിതിഗതികൾ വ്യക്തമാക്കി. തലശ്ശേരിയിലേക്ക് ചികിത്സക്ക് പോവുകയായിരുന്ന പാംപ്ലാനി ഇതേതുടർന്ന് കൊച്ചി ബിഷപ് ഹൗസിൽ തിരിച്ചെത്തി, രാത്രി പത്തരക്കുശേഷം ചർച്ച പുനരാരംഭിക്കുകയായിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ പാംപ്ലാനി വിട്ടുവീഴ്ചകൾക്ക് തയാറായെന്നാണ് വിവരം. തുടർന്ന്, ചില വൈദികർ സമരം അവസാനിപ്പിച്ച് മടങ്ങി. ബാക്കിയുള്ളവർ രാവിലെയും മടങ്ങി. ജനുവരി 20 മുതൽ ചർച്ച തുടരും. അതിനുള്ളിൽ ബിഷപ് ഹൗസിൽനിന്ന് പൊലീസിനെ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചു. ഈ ധാരണകൾ മാർ ജോസഫ് പാംപ്ലാനിയും സത്യഗ്രഹം അനുഷ്ഠിച്ചിരുന്ന 21 വൈദികരും എഴുതി പരസ്പരം ഒപ്പിട്ട് കൈമാറുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.