പതിനായിരങ്ങൾ പുറത്ത്; എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ ഇന്ന് അവസാനിക്കും
text_fieldsതിരുവനന്തപുരം: പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് ഫുൾസ്റ്റോപ്പിട്ട് എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ വ്യാഴാഴ്ച അവസാനിക്കും. 14 ജില്ലകളിലുമായി 2022 ആഗസ്റ്റ് ഒന്നിന് നിലവിൽവന്ന റാങ്ക് ലിസ്റ്റുകൾ മൂന്നുവർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കുമ്പോൾ ഇതുവരെ നൽകിയത് 49 ശതമാനം നിയമന ശിപാർശ മാത്രം. വിവിധ ജില്ലകളിലായി 23,518 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 11,562 പേർക്ക് നിയമന ശിപാർശ ലഭിച്ചു. നിയമന ശിപാർശയിൽ 2342 ഒഴിവും എൻ.ജെ.ഡിയാണ് (നോട്ട് ജോയിനിങ് ഡ്യൂട്ടി). യഥാർഥ നിയമനം 9220 മാത്രം.
ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമന ശിപാർശ തിരുവനന്തപുരം ജില്ലയിലാണ്-1259. കുറവ് വയനാടും-382. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ആകെ നിയമന ശിപാർശ 1000 കടന്നിട്ടുണ്ട്. എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളിൽ പരമാവധി നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ജൂൺ 14ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വിരമിക്കൽ, പ്രമോഷൻ, ഡെപ്യൂട്ടേഷൻ, ദീർഘകാല അവധി തുടങ്ങിയവ മൂലം റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകൾ ജൂലൈ 31നകം വകുപ്പ് മേധാവികൾ പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്വെയർ മുഖേന റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെൽ) വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. ജൂലൈ 31ന് രാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ നിലവിലെ ലിസ്റ്റിൽനിന്ന് നികത്താൻ കഴിയും.
ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് റാങ്ക് പട്ടിക കാലാവധി തികയുന്ന സമയത്തും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി റാങ്ക് പട്ടിക അവസാനിക്കുന്ന ജൂലൈ 17ന് 14 ജില്ലകളിലായി ആയിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായാണ് പി.എസ്.സിയുടെ അവകാശവാദം. സമാനരീതിയിൽ ക്ലർക്ക് ഒഴിവുകളും വ്യാഴാഴ്ച അർധരാത്രിയോടെയെങ്കിലും പരമാവധി റിപ്പോർട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.
ഭിന്നശേഷി സംവരണപ്പട്ടികയിൽ ‘കടുംവെട്ട്’
നിലവിലെ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതോടെ എൽ.ഡി ക്ലർക്ക് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒന്നിന് നിലവിൽവരും. ഈ തസ്തികയുടെ സാധ്യത ലിസ്റ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു. നിയമനം കുറഞ്ഞതോടെ സാധ്യത പട്ടികയുടെ നീളവും പി.എസ്.സി ചെറുതാക്കി. കഴിഞ്ഞ തവണ 14 ജില്ലകളിൽനിന്നുമായി 23,693 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണ 20,728 പേരാണ് ലിസ്റ്റിലുള്ളത്.
വയനാട്, പത്തനംതിട്ട ഒഴികെയുള്ള 12 ജില്ലകളിലും കഴിഞ്ഞ പട്ടികയെക്കാൾ കുറവാണ്. പത്തനംതിട്ടയിൽ രണ്ടുപേരും വയനാട് 35 പേരുമാണ് കൂടുതലായി ഉൾപ്പെട്ടത്. ഭിന്നശേഷി സംവരണപ്പട്ടികയിലാണ് പി.എസ്.സി കടുംവെട്ട് നടത്തിയത്. കഴിഞ്ഞ പട്ടികയിൽ 1074 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 416 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.