‘നന്ദി, എല്ലാവരോടും’ -സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങൾ
text_fieldsസിസ്റ്റർ പ്രീതി മേരിക്ക് ജാമ്യം ലഭിച്ചതറിഞ്ഞ് വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന
പിതാവ് മാളിയേക്കൽ വർക്കിയും മാതാവ് മേരിയും
അങ്കമാലി: ഊണും ഉറക്കവുമില്ലാതെ നൊമ്പരവും പ്രാർഥനയുമായി കഴിഞ്ഞ എട്ട് ദിനങ്ങൾക്കൊടുവിൽ പ്രിയ മകൾ പ്രീതിക്ക് ജാമ്യം ലഭിച്ചെന്നറിഞ്ഞപ്പോൾ, ഇടപെട്ട എല്ലാവരോടും നന്ദി പറഞ്ഞ് കുടുംബാംഗങ്ങൾ. ദൈവത്തിനും ഭരണകൂടത്തിനും സഭ നേതാക്കൾക്കും റോജി എം. ജോൺ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, സന്നദ്ധ, ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന നാട്ടുകാർക്കും ബന്ധുക്കൾക്കും ഉൾപ്പെടെ അങ്കമാലി എളവൂരിലെ വീട്ടിലിരുന്ന് അവർ നന്ദി അറിയിച്ചു.
ആശ്വാസ വാർത്തയെത്തിയപ്പോൾ സിസ്റ്റർ പ്രീതിയുടെ പിതാവ് മാളിയേക്കൽ വർക്കി, അമ്മ മേരി, സഹോദരൻ സിജോ എന്നിവർക്ക് സന്തോഷക്കണ്ണീർ അടക്കാനായില്ല. കോടതിയിൽനിന്നുള്ള വിവരങ്ങൾ വിഡിയോ കാൾ വഴി അറിഞ്ഞുകൊണ്ടിരുന്നു. ഈ ദിവസംവരെ നിമിഷംപോലും പാഴാക്കാതെ പ്രീതിയുടെ മോചനത്തിനായി പ്രാർഥനയിലായിരുന്നു. വിധി വരുന്നതിന് തൊട്ടുമുമ്പ് വരെ അത് നീണ്ടു.
‘അറസ്റ്റ് വിവരം അറിഞ്ഞതുമുതൽ അനേകംപേർ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഒറ്റക്കിരുന്ന് വിഷമിക്കേണ്ടിവന്നില്ല. തങ്ങൾക്ക് ധൈര്യവും സ്ഥൈര്യവും നൽകിയാണ് അവർ പോയത്. അതിൽ നാനാജാതി മതസ്ഥരുണ്ട്. കേസിന്റെ നടപടികൾ നീണ്ടുപോകാതെ കേസിൽനിന്ന് ഒഴിവായിക്കിട്ടണമെന്നാണ് ആഗ്രഹം.
ഇത്തരത്തിലുള്ള പീഡനവും കേസുകളും ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും അതിനുള്ള നിയമങ്ങൾതന്നെ ഉണ്ടാകണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
‘ജാമ്യം ലഭിച്ചതില്‍ സന്തോഷം’
ഉദയഗിരി (കണ്ണൂർ): ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് ഉദയഗിരി സ്വദേശി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ കുടുംബം പ്രതികരിച്ചു. എല്ലാവരുടെയും ശ്രമഫലമാണ് ജാമ്യം. അന്തിമമായി നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും അമ്മ ത്രേസ്യാമ്മയും സഹോദരങ്ങളായ ചെറിയാന് മാത്യുവും ജിന്‍സ് മാത്യുവും പറഞ്ഞു. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ചെയ്യാത്ത തെറ്റിനാണ് ജയിലില്‍ അടക്കപ്പെട്ടത്. പൊലീസിന് സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കാര്യമായി ഇടപെട്ടതുകൊണ്ടാണ് കാര്യങ്ങള്‍ എളുപ്പമായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എല്ലാവര്ക്കും നന്ദിയെന്നും വീട്ടുകാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.