അപകടം നടന്നത് ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത്; നിർണായകമായി വഴിയാത്രക്കാരന്റെ ഇടപെടൽ
text_fieldsമാനന്തവാടി: വെള്ളിയാഴ്ച വൈകീട്ടാണ് തലപ്പുഴ കണ്ണോത്ത് മലക്കടുത്ത് 14 പേരുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിയുന്നത്. ദുരന്തസ്ഥലത്ത് അധികം ആള്‍താമസമില്ലെങ്കിലും വാഹനം മറിയുന്നത് ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരന് തൊട്ടടുത്ത തലപ്പുഴ ടൗണിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയതോടെ രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാരും പൊലീസും ഓടിയെത്തുകയായിരുന്നു. നല്ല ഇറക്കവും റോഡിന്റെ ഒരുഭാഗം താഴ്ചയുമുള്ള പ്രദേശമാണിവിടെ. കയര്‍ കെട്ടിയാണ് ആളുകള്‍ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
തുടര്‍ന്ന് ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു. വിവിധ വാഹനങ്ങളിൽ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഏതാനും ജീവൻ നഷ്ടമായിരുന്നു. ദുരന്ത വാര്‍ത്തയറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുക്കണക്കിനാളുകളാണ് വയനാട് മെഡിക്കല്‍ കോളജിലേക്ക് ഒഴുകിയെത്തിയത്. സ്ഥലം എം.എല്‍.എ ഒ.ആര്. കേളു, ജില്ല കലക്ടര്‍ ഡോ. രേണുരാജ്, ജില്ല പൊലീസ് മേധാവി പദം സിങ്, എ.ഡി.എം എന്‍.ഐ. ഷാജു തുടങ്ങിയവരെല്ലാം ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. രാത്രിയോടെ മന്ത്രി എ.കെ. ശശീന്ദ്രനും എത്തി.
തേയിലത്തോട്ടത്തില്‍ ജോലിചെയ്യുന്നവരാണ് മരിച്ചവര്‍. മടക്കിമല തേയിലത്തോട്ടത്തില്‍ ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലാണ് ഇവര്‍ ജോലിക്ക് പോയിരുന്നത്.സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തേയിലത്തോട്ടത്തിലാണ് ഇവര്‍ ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നത്. രാവിലെ ഒരു തോട്ടത്തില്‍ പോയി തേയില പറിച്ചശേഷം മറ്റൊരു തോട്ടത്തിലേക്ക് പോവുന്നതിനിടെയാണ് ദുരന്തം ഒമ്പത് ജീവനുകള്‍ തട്ടിയെടുത്തത്. വളരെ ദരിദ്ര കുടുംബത്തിലുള്ളവരാണ് മരിച്ചവരെല്ലാം.
നടുങ്ങി മക്കിമല കോളനി
മാനന്തവാടി: രാവിലെ ജോലിക്ക് പോയവരുടെ മരണവാർത്തയറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് മക്കിമല ആറാം നമ്പർ കോളനിക്കാർ. 23 വീട്ടുകാരാണ് ഇവിടെ കഴിയുന്നത്. ഇതിലേറെയും തമിഴ് കുടുംബങ്ങളാണ്. തേയിലച്ചപ്പ് നുള്ളി ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. പതിവുപോലെ 13 പേരും ജീപ്പിൽ വാളാടുള്ള സ്വകാര്യ തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ചെങ്കുത്തായ കുഴി ആയതിനാൽ ദുഷ്കരമായി. മരിച്ചവരിൽ ഒരാളുടെ തല പൂർണമായി തകർന്നിരുന്നു. ബാക്കിയുള്ളവരുടെയും തലക്കാണ് പരിക്കേറ്റത്. മരിച്ചവരെല്ലാം അര കി.മീ. ചുറ്റളവിൽ ഉള്ളവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.