സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്
text_fieldsസെബാസ്റ്റ്യൻ
ചേര്‍ത്തല: നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ കാണാതായ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സെബാസ്റ്റ്യന്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് കണ്ടെത്തി. 2024 ഡിസംബര്‍ 23നാണ് ജെയ്നമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിന് പിന്നിലെ മുറിയില്‍നിന്നാണ് രക്തക്കറ ലഭിച്ചത്. ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതോടെ സെബാസ്റ്റ്യനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.
ജെയ്നമ്മയുടെ ശരീരത്തില്‍ 10 പവൻ സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. ഈ സ്വര്‍ണത്തിനുവേണ്ടിയാണ് സെബാസ്റ്റ്യന്‍ ജെയ്നമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജെയ്നമ്മ തിരോധാനക്കേസ് അന്വേഷിക്കുന്നത്.
ചേർത്തല കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു പത്മനാഭൻ, വാരനാട് ശാസ്താംകവല വെളിയിൽവീട്ടിൽ ഐഷ, ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിനി സിന്ധു, ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ എന്നിവരുടെ തിരോധാന കേസുകളുടെ അന്വേഷണമാണ് നടക്കുന്നത്. ദുരൂഹസാചര്യത്തിൽ കാണാതായ സ്ത്രീകൾ കൊല്ലപ്പെട്ടെന്നാണ് നിഗമനം.
സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് അയൽവാസി
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന് അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.
നാലുവര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന് സംസാരിച്ചത്. ഈ ശബ്ദരേഖ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. ശശികലയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന് പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ സ്വത്ത് വില്ക്കാന് ഇരുവരെയും താനാണ് പരിചയപ്പെടുത്തിയതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസ്സിലായതോടെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. അവര്‍ ഒന്നിച്ച് മദ്യപിക്കാറുണ്ടായിരുന്നു.
ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേര്‍ന്ന് ലഹരി നല്കി മയക്കിയശേഷം ശൗചാലയത്തില്‍വെച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരുദിവസം വൈകീട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാടുണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന് പറയുന്നുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്റ്റംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ല പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ ഒമ്പതിന് കുത്തിയതോട് സി.ഐ ഓഫിസില്‍ എത്തി. പരാതി കൈവശം വാങ്ങി അന്നുതന്നെ പട്ടണക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ ഷാജിമോന്‍ പ്രവീണ്‍കുമാർ കൈമാറി. എന്നാല്‍, 70 ദിവസത്തിനുശേഷം ഡിസംബര്‍ 19നാണ് 1400/2017 നമ്പറില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ കേസ് അട്ടിമറിക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി അന്നുതന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടെ, രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആക്ഷേപമുണ്ടായിരുന്നു.
നാല് സ്ത്രീകളുടെ തിരോധാനമാണ് വിവിധ അന്വേഷണ സംഘങ്ങള്‍ സംയുക്തമായി അന്വേഷിക്കുന്നത്. ഇതില്‍ മൂന്നുപേരെ സെബാസ്റ്റ്യന്‍ വിവിധ കാലയളവില്‍ കൊലപ്പെടുത്തിയെന്നാണ് സംശയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.