ദുരന്തപ്രതികരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; അധികാരം ചുരുങ്ങുമോ എന്ന ആശങ്കയിൽ സി.പി.ഐ മന്ത്രിമാർ
text_fieldsതിരുവനന്തപുരം: റവന്യൂ മന്ത്രിമാരുടെ ചുമതലയിലായിരുന്ന ദുരന്ത പ്രതികരണ വകുപ്പ് പൂര്‍ണമായി മുഖ്യമന്ത്രിയുടെ കൈകളിലേക്ക് മാറുമ്പോൾ മൂന്ന് മന്ത്രിമാരുടെ അധികാരം ചുരുങ്ങുമോ എന്ന ആശങ്കയില്‍ സി.പി.ഐ.
റവന്യൂ വകുപ്പിനെ കൂടാതെ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാലിത് പരസ്യപ്രതികരണമായി പുറത്തുവന്നിട്ടില്ല. റവന്യൂമന്ത്രി കെ. രാജന്‍ വിദേശത്തുനിന്ന് തിങ്കളാഴ്ച എത്തിയ ശേഷം ഇക്കാര്യത്തില്‍ വിശദ ചര്‍ച്ചകള്‍ നടക്കും. സി.പി.ഐയുടെ തുടര്‍നടപടികള്‍ ഇതിനു ശേഷമാകും.
ദുരന്ത പ്രതികരണ വകുപ്പ് മുന്നറിയിപ്പില്ലാതെ മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ട്. 2018 ലെ പ്രളയ കാലത്ത് ദുരന്ത പ്രതികരണ വകുപ്പിന്റെ ഭാഗമായ രക്ഷാപ്രവർത്തനവും മറ്റും നിര്‍വഹിച്ചത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും നഷ്ടപരിഹാര വിതരണവും പുനര്‍നിര്‍മാണവും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുമാണ് നടന്നത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യഘട്ടത്തില്‍ വകുപ്പ് പൂര്‍ണമായി മുഖ്യമന്ത്രി ഏറ്റെടുക്കാനായിരുന്നു തീരുമാനം. നഷ്ടപരിഹാരം, റോഡ് പുനർനിര്‍മാണം, ദുരന്ത പ്രതികരണ ജില്ല തല സമിതികള്‍ എന്നിവ റവന്യൂ വകുപ്പില്‍ നിലനിര്‍ത്തണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇത് സി.പി.എം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വകുപ്പ് വിഭജനം നടന്നില്ല. വീതിച്ചു നല്‍കാത്ത വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍, വി. അബ്ദുറഹ്മാന് കായികം ഒഴികെ പ്രധാന വകുപ്പുകള്‍ നല്‍കിയില്ലെന്ന പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒരു വകുപ്പ് നഷ്ടമായപ്പോള്‍, ചുമതല നല്‍കാതിരുന്ന ദുരന്ത പ്രതികരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് വിജ്ഞാപനമിറക്കി. ഇനി വകുപ്പിലെ നടപടി ചട്ടങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവരുമ്പോള്‍ മാത്രമേ അധികാരം പൂര്‍ണമായി നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തത വരുള്ളൂ.
എന്നാൽ, ദുരന്ത പ്രതികരണ വകുപ്പ് ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ റവന്യൂ മന്ത്രിയുമായതിനാൽ മറ്റ് ആശങ്കകൾക്ക് വകയില്ലെന്നാണ് സി.പി.ഐ അസി. സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശഖരൻ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത് റവന്യൂ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.