എം.വി. ജയരാജൻ, കെ.കെ. രാഗേഷ്: മുഖ്യമന്ത്രിയുടെ ‘പ്രൈവറ്റ്’ സെക്രട്ടറിമാർ
text_fieldsകണ്ണൂർ: എം.വി. ജയരാജൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ ഉയർന്ന ചോദ്യമായിരുന്നു ആരാവും അടുത്ത ജില്ല സെക്രട്ടറിയെന്ന്. ജില്ലയിൽ സജീവമല്ലാതിരുന്നിട്ടും തീർത്തും അപ്രതീക്ഷിതമായാണ് കെ.കെ. രാഗേഷിന് സെക്രട്ടറിയായുള്ള നറുക്ക് വീണത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് പാർട്ടി ചെങ്കോട്ടയായ കണ്ണൂരിൽ രാഗേഷിനെ കപ്പിത്താനാക്കിയത്.
2019ൽ പി. ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ജില്ല സെക്രട്ടറിയായി ചുമതലയേറ്റത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനായിരുന്നു. ആറാം വർഷം എം.വി. ജയരാജന്റെ ഒഴിവിൽ വീണ്ടും കണ്ണൂർ ജില്ല സെക്രട്ടറിയാവുന്നതും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. രാജ്യത്ത് തന്നെ സി.പി.എമ്മിന്റെ ഉറച്ച സംഘടന സംവിധാനമുള്ള കണ്ണൂർ കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ മേൽക്കോയ്മ നിലനിർത്തുന്നതായി രാഗേഷിന്റെ വരവ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ ആക്ടിങ് സെക്രട്ടറിയായ ടി.വി. രാജേഷിന്റെ പേരാണ് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേട്ടിരുന്നത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായിരുന്ന എൻ. ചന്ദ്രൻ, എം. പ്രകാശൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നു.
ജില്ലയിൽനിന്നുള്ള മുതിർന്ന സംസ്ഥാന സമിതിയംഗമാണെങ്കിലും കണ്ണൂർ കേന്ദ്രീകരിച്ച് അധികം പ്രവർത്തിക്കാത്തതിനാൽ കെ.കെ. രാഗേഷിനെ തെരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു നേതാക്കൾക്കിടയിലെ ചർച്ച.
കെ.കെ. രാഗേഷിനു പിന്നിൽ സാക്ഷാൽ മുഖ്യമന്ത്രിതന്നെയെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സ്വന്തം തട്ടകത്തിൽ ഏറ്റവും വിശ്വസ്തൻ സെക്രട്ടറിയാവണമെന്ന് മുഖ്യമന്ത്രിയും കണക്കുകൂട്ടി. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരും ഇതോടൊപ്പം നിന്നു. എതിർശബ്ദമൊഴിവാക്കാൻ വിഷുവിന് നാട്ടിലെത്തുന്ന മുഖ്യമന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് യോഗം നിശ്ചയിച്ചു.
പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കണ്ണൂരിൽനിന്നുള്ള സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതിയംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗത്തിൽ മുഖ്യമന്ത്രിതന്നെയാണ് കെ.കെ. രാഗേഷിന്റെ പേര് നിർദേശിച്ചത്.
യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പുറത്തിറങ്ങിയശേഷമാണ് എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ജില്ല സമിതിയോഗം ചേർന്നത്. ജില്ല സെക്രട്ടറി എം.വി. ജയരാജൻ കെ.കെ. രാഗേഷിന്റെ പേര് നിർദേശിക്കുകയും ജില്ല കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.