പരിശീലകന് മാനസികമായി പീഡിപ്പിച്ചെന്ന്, ബോക്സിങ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsതിരുവനന്തപുരം: ബോക്സിങ് പരിശീലകന്റെ മാനസിക പീഡനത്തെതുടർന്ന് ഒമ്പതാം ക്ലാസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. രാജാജി നഗർ സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവം പുറത്തായതോടെ പരിശീലകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
ബാലാവകാശ കമീഷനും കായിക മന്ത്രിക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.ആറ്റിങ്ങൽ സ്പോർട്സ് ഹോസ്റ്റലിലെ ബോക്സിങ് പരിശീലകന് പ്രേംനാഥിനെതിരെയാണ് ആരോപണം. രാജാജി നഗറിൽനിന്ന് മൂന്ന് വിദ്യാർഥികളാണ് ഇദ്ദേഹത്തിന് കീഴിൽ പരിശീലനം നടത്തിയിരുന്നത്. രാജാജി നഗറിൽനിന്ന് വരുന്ന കുട്ടികൾ മോഷ്ടാക്കളും കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്ന് ആരോപിച്ച് പരിശീലനവേളയിൽ പരിശീലകൻ മാറ്റിനിർത്തിയിരുന്നതായി പരാതിയിൽ പറയുന്നു.
അവഗണനയെ തുടർന്ന് രാജാജി നഗറിലെ രണ്ട് വിദ്യാർഥികൾ പരിശീലനം മതിയാക്കി. ഒമ്പതാം ക്ലാസുകാരനായ ആൺകുട്ടിമാത്രം ഹോസ്റ്റലിൽ താമസിച്ച് പഠനം തുടർന്നു. മൂന്നുദിവസം മുമ്പ് കുട്ടിയെ മാറ്റിനിർത്തി പ്രേംനാഥ് മോശമായി സംസാരിച്ചു. തുടർന്ന് സ്കൂളിലേക്ക് പോകുംവഴി എലിവിഷം വാങ്ങി വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു. കൂട്ടുകാരാണ് വിഷം കഴിച്ച വിവരം അധ്യാപകരെ അറിയിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചില്ലെന്നും വികൃതി കാണിച്ചതിന് ശാസിച്ചിട്ടുണ്ടെന്നും ഹോസ്റ്റൽ അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.