രാജ്യം അപകടകരമായ ഫാഷിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു -മീന കന്ദസാമി
text_fieldsകോഴിക്കോട്: രാജ്യം അപകടകരമായ ഫാഷിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസാമി പറഞ്ഞു.
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മീന. ജനാധിപത്യം പേരിൽ മാത്രമാണെന്നും, ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും അപകടകരമായ ഫാഷിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും മീന കന്ദസാമി പറഞ്ഞു. ശരാശരി ഹിന്ദുക്കൾ മുസ്ലിംകളെ ശത്രുക്കളായി കാണുന്ന അവസ്ഥയിലാണ് ഇന്ത്യ എത്തിനിൽക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രശസ്ത ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ ആർ.പി. അമുദൻ സംസാരിച്ചു. ‘ഓരോ ചലച്ചിത്രമേളയും പ്രതിരോധമാണ്. രാജ്യത്ത് നിരവധി ഫിലിം ഫെസ്റ്റിവലുകൾ നടക്കുമ്പോഴും സമാന്തര മേളകൾക്ക് പ്രാധാന്യമുള്ളത് ഇതുകൊണ്ടുതന്നെയാണ്’ എന്ന് ആർ.പി. അമുദൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ മധു ജനാർദനൻ അധ്യക്ഷത വഹിച്ചു. മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, ഫെസ്റ്റിവൽ ക്യുറേറ്റർ ജോളി ചിറയത്ത്, ജൂറി ചെയർപേഴ്സൻ ഷെറി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആശംസസന്ദേശം അറിയിച്ചു.
മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി.കെ സ്വാഗതവും ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ സി.എം. ഷെരീഫ് നന്ദിയും പറഞ്ഞു.തുടർന്ന് ഷെറി ഗോവിന്ദനും ദീപേഷും സംവിധാനം ചെയ്ത ‘അവനോവിലോന’ എന്ന സിനിമയും ഹോമേജ് വിഭാഗത്തിൽ കെ.പി. ശശി സംവിധാനം ചെയ്ത ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ചടങ്ങിനുശേഷം നാടക നടനും കലാകാരനുമായ ശരത്തിന്റെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.