നവകേരള സദസ്സിന് മുമ്പ് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് ബി; ശേഷമേയുള്ളൂവെന്ന് സി.പി.എമ്മും
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ബി. എന്നാൽ, നവകേരള സദസ്സിന് ശേഷം അത് മതിയെന്ന നിലപാടിൽ സി.പി.എമ്മും. ഈമാസം ആരംഭിക്കുന്ന ‘നവകേരള സദസ്സിന്’ മുമ്പ് പുനഃസംഘടന വേണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് ബിയുടേത്. ഈ ആവശ്യം ഉന്നയിച്ച് പാർട്ടി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായർ എൽ.ഡി.എഫ് നേതൃത്വത്തിന് കത്തും നൽകി. മുന്നണിയിലെ മുൻ ധാരണ പ്രകാരം ഈമാസംതന്നെ പാർട്ടിയുടെ ഏക എം.എൽ.എ കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയും കേരള കോൺഗ്രസ് ബിക്കുണ്ട്.
കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന നിലയിലാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണവും. എന്നാൽ, എന്ന് പുനഃസംഘടന എന്ന കാര്യത്തിൽ മുന്നണി വ്യക്തത വരുത്തിയിട്ടില്ല. നവംബർ 18നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജില്ല സന്ദർശന പരിപാടികൾക്ക് കാസർകോട്ടുനിന്ന് തുടക്കമാകുന്നത്. അതിന് മുമ്പ് പുനഃസംഘടന എന്ന ആവശ്യം നടപ്പാക്കുന്നതിനോട് സി.പി.എമ്മിന് താൽപര്യമില്ല. നവകേരള സദസ്സിന് മുമ്പ് മന്ത്രിമാരെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സി.പി.എം വിലയിരുത്തൽ. അതിനാൽ ഡിസംബറിലോ, ജനുവരിയിലോ മന്ത്രിസഭ പുനഃസംഘടനയാകാമെന്ന നിലപാടിലാണ് സി.പി.എം.
ആദ്യ രണ്ടരവർഷം ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലിനും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവിനും അടുത്ത രണ്ടരവർഷം കെ.ബി. ഗണേഷ് കുമാറിനും കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്ന് എൽ.ഡി.എഫ് നേതൃത്വം നേരത്തേ നൽകിയ ഉറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.