മദ്യലഹരിയിൽ മാതൃസഹോദരിയെ ആക്രമിക്കാൻ ശ്രമം; അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊലപ്പെടുത്തി
text_fieldsകൊല്ലപ്പെട്ട ജഗൻ, അറസ്റ്റിലായ അരുൺ
മറയൂർ (ഇടുക്കി): മദ്യലഹരിയിൽ മാതൃസഹോദരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠസഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ഇന്ദിരാനഗറിൽ ജഗനാണ് (36) കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠൻ അരുണിനെ (48) വീട്ടിൽനിന്ന് മറയൂർ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി 7.45നാണ് സംഭവം. മാതാപിതാക്കളായ പഴനിസ്വാമിയുടെയും ലീലയുടെയും മരണത്തെത്തുടർന്ന് ജഗനും അരുണും മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ജഗൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെത്തുടർന്ന് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു.
ജഗൻ ബാലാമണിയെ വാക്കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കവേയാണ് അരുൺ അതേ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടിയത്. തലക്കാണ് വെട്ടേറ്റത്. ജഗനെ സഹായഗിരി സ്വകാര്യ ആശുപത്രിയിലും മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മറയൂർ ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.