പിടി വിടരുത്, നിരക്ക്; ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസ് സേവനത്തിന് താരിഫും നിരക്കും നിശ്ചയിച്ച് ഗതാഗത വകുപ്പ്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ആംബുലൻസുകളെ അഞ്ചായി തിരിച്ചാണ് താരിഫ് ഏർപ്പെടുത്തിയത്. അനധികൃത സർവിസുകൾ നിയന്ത്രിക്കുന്നതിനും സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുന്നതിനും കൂടിയാണ് പുതിയ ക്രമീകരണം.
നിരക്കുകൾ ആംബുലൻസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇതു സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വാട്സ്ആപ് നമ്പറും ഏർപ്പെടുത്തും. ഗതാഗത കമീഷണർ ഉത്തരവിറക്കുന്നതോടെ താരിഫ് പ്രാബല്യത്തിൽ വരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി. ആംബുലൻസുകളുടെ ദുരുപയോഗം തടയുന്നതിന് ഡ്രൈവർമാർക്ക് യൂനിഫോം ഏർപ്പെടുത്തി. നേവി ബ്ലൂ നിറത്തിലെ ഷർട്ടും ബ്ലാക്ക് പാന്റ്സുമാണ് യൂനിഫോം. ഐഡി കാർഡും ഏർപ്പെടുത്തും.
മിനിമം ചാർജ് ദൂരം10 കിലോമീറ്റർ,അതും റിട്ടേണടക്കം
എല്ലാ വിഭാഗം ആംബുലൻസുകൾക്കും 10 കിലോമീറ്ററാണ് മിനിമം ചാർജ് ബാധകമായ ദൂരപരിധി. സ്പോട്ടിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള ദൂരമാണിത്. മറ്റു വാഹനങ്ങളെപോലെ ആംബുലൻസുകൾക്ക് റിട്ടേൺ ഓട്ടം കിട്ടാത്തത് പരിഗണിച്ചാണ് മിനിമം ദൂരപരിധിയിൽ റിട്ടേണും ഉൾപ്പെടുത്തിയത്. ഉദാഹരണത്തിന് സ്പോട്ടിൽനിന്ന് ആശുപത്രിയിലേക്ക് ആറ് കിലോമീറ്റർ ആണ് ദൂരമെങ്കിൽ, റിട്ടേൺ കൂടി കണക്കാക്കുമ്പോൾ ആകെ ദൂരം 12 കിലോമീറ്ററാവും. മിനിമം പരിധിയായ 10 നെക്കാൾ രണ്ട് കിലോമീറ്റർ അധികം. ഈ രണ്ട് കിലോമീറ്ററിന് അതത് വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കിലോമീറ്റർ ചാർജ് ബാധകമായിരിക്കും.
ബി.പി.എൽവിഭാഗത്തിന് ഇളവുകൾ
വെന്റിലേറ്റർ സൗകര്യമുള്ള എ.സി ആംബുലൻസുകളിൽ (ഡി കാറ്റഗറി) ബി.പി.എൽ വിഭാഗങ്ങൾക്ക് ആകെ നിരക്കിന്റെ 20 ശതമാനം ഇളവ് ചെയ്ത് നൽകും. ഇതിനു പുറമേ, എല്ലാ വിഭാഗം ആംബുലൻസുകളിലും അർബുദ രോഗികൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ടു രൂപ കുറവ് ചെയ്താവും ചാർജ് ഈടാക്കുക.
ലോഗ്ബുക്ക് നിർബന്ധം,പരിശോധനകർശനമാക്കും
ആംബുലൻസുകൾക്ക് ലോഗ് ബുക്ക് നിർബന്ധമാക്കും. എവിടെയെല്ലാം പോയി എന്ന വിവരങ്ങളാണ് ലോഗ് ബുക്കിൽ രേഖപ്പെടുത്തേണ്ടത്. ഇതോടൊപ്പം അനധികൃത ആംബുലൻസുകളെ പിടികൂടുന്നതിന് പരിശോധനയും കർശനമാക്കും. വഴിയിൽ തടയില്ല. പക്ഷേ, ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് വിവരം തേടും. ശേഷം ബന്ധപ്പെട്ട ആർ.ടി.ഒക്കും പൊലീസ് സ്റ്റേഷനിലും വാഹന നമ്പർ അടക്കം വിവരം കൈമാറും. വാഹനം അവിടെ എത്തിയിട്ടുണ്ടോ എന്ന് അവിടങ്ങളിലെ ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉറപ്പുവരുത്തും.
അപകടങ്ങൾ:തൊട്ടടുത്തആശുപത്രിയിൽസൗജന്യമായിഎത്തിക്കും
അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ തൊട്ടുടുത്ത ആശുപത്രികളിൽ പരിക്കേറ്റവരെ സൗജന്യമായി എത്തിക്കാൻ ആംബുലൻസ് ഉടമകൾ സമ്മതിച്ചതായി മന്ത്രി ഗണേഷ്കുമാർ. സർക്കാർ ആശുപത്രിയോ സ്വകാര്യ ആശുപത്രിയോ, ഏറ്റവും അടുത്തുള്ളത് ഏതാണോ അവിടെയാണ് സൗജന്യമായി എത്തിക്കുക.
ആംബുലൻസ് വിഭാഗങ്ങൾ നിരക്കുകൾ ഇങ്ങനെ
ഡി കാറ്റഗറി
ഐ.സി.യു, വെന്റിലേറ്റർ സൗകര്യവും എ.സിയും ടെക്നീഷ്യനും ആരോഗ്യപ്രവർത്തകരുമുള്ള ട്രാവലറുകളാണ് ഈ വിഭാഗത്തിൽ വരുക. 2500 രൂപയാണ് മിനിമം ചാർജ്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. വെയിറ്റിങ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യമാണ്. ശേഷമുള്ള ഒരോ മണിക്കൂറിനും 350 രൂപ വീതം.
സി കാറ്റഗറി
വെന്റിലേറ്ററുകളില്ലാത്ത എന്നാൽ, എ.സി, ഒക്സിജൻ സൗകര്യങ്ങളുള്ള ട്രാവലറുകളാണ് ഈ വിഭാഗത്തിൽ. 1500 രൂപയാണ് മിനിമം ചാർജ്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം. വെയിറ്റിങ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യമാണ്. ശേഷമുള്ള ഒരോ മണിക്കൂറിനും 200 രൂപ വീതം.
ബി കാറ്റഗറി
എ.സിയില്ലാത്ത ട്രാവലറുകൾ. മിനിമം ചാർജ് 1000 രൂപയാണ്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം. വെയിറ്റിങ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യം. ശേഷമുള്ള ഒരോ മണിക്കൂറിനും 200 രൂപ വീതവും.
എ-കാറ്റഗറി (എ.സി)
ഓമ്നി, ബൊലീറോ, ഈകോ വിഭാഗത്തിലുള്ള എ.സി വാഹനങ്ങൾ. 800 രൂപയാണ് മിനിമം ചാർജ്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം. വെയിറ്റിങ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യമാണ്. ശേഷമുള്ള ഒരോ മണിക്കൂറിനും 200 രൂപ വീതം.
എ-കാറ്റഗറി (നോൺ എ.സി)
ഓമ്നി, ബൊലീറോ, ഈകോ വിഭാഗത്തിലുള്ള എ.സിയില്ലാത്ത വാഹനങ്ങൾ. 600 രൂപയാണ് മിനിമം നിരക്ക്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതം. വെയിറ്റിങ് ചാർജ് ആദ്യത്തെ ഒരു മണിക്കൂറിൽ സൗജന്യമാണ്. ശേഷമുള്ള ഒരോ മണിക്കൂറിനും 150 രൂപ വീതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.