ഫലസ്തീൻ ബാനറുകൾ കീറിയ സംഭവം: വിദേശ ജൂതവനിതക്കെതിരെ കേസെടുത്തു
text_fieldsഫോർട്ട്കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യവുമായി ഫോർട്ട്കൊച്ചിയിൽ എസ്.ഐ.ഒ സ്ഥാപിച്ച ബോർഡുകളും ബാനറുകളും വിദേശ ജൂതവനിത നശിപ്പിച്ച സംഭവത്തിൽ ഏറെ വൈകി കേസെടുത്ത് പൊലീസ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെതുടർന്ന് ബുധനാഴ്ച പുലർച്ചയാണ് കേസെടുക്കാൻ തയാറായത്. ഇരുവിഭാഗങ്ങൾ തമ്മിൽ കലഹമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയെന്ന കുറ്റംവരുന്ന ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് കേസ്. ഓസ്ട്രിയൻ സ്വദേശിനിയും ജൂതവംശജയുമായ ഷിലാൻസിയാണ് തിങ്കളാഴ്ച രാത്രി ബോർഡുകളും ബാനറുകളും നശിപ്പിച്ചത്. രണ്ടിടത്തായാണ് ഇത് സ്ഥാപിച്ചിരുന്നത്. ഇവർക്കൊപ്പം മറ്റൊരു വിദേശ വനിത കൂടിയുണ്ടായിരുന്നു.
ബോർഡുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ചിലർ ഇത് ചോദ്യംചെയ്തെങ്കിലും ഷിലാൻസി തട്ടിക്കയറിയതായി പറയുന്നു. സംഭവത്തിൽ, ബോർഡുകൾ സ്ഥാപിച്ച എസ്.ഐ.ഒ കൊച്ചി ഏരിയ സെക്രട്ടറി കെ.എസ്. മുഹമ്മദ് അസീം ഫോർട്ട്കൊച്ചി പൊലീസിൽ പരാതിയും വിഡിയോ തെളിവുകളും നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. യുവതി മദ്യലഹരിയിൽ ചെയ്തതാണെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. പരാതിക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പരാതി സ്വീകരിച്ചത്.
വിദേശ വനിതകൾ താമസിക്കുന്ന സ്ഥലം എസ്.ഐ.ഒ പ്രവർത്തകർ കണ്ടെത്തി വിവരം നൽകിയതിനെത്തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കേസെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ബുധനാഴ്ച പുലർച്ച ഒരുമണിയോടെ കേസ് രജിസ്റ്റർ ചെയ്തിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ രാത്രി പൊലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. വിദേശ വനിത പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും എഫ്.ഐ.ആറിൽ പ്രതിയെ സംബന്ധിച്ച കോളത്തിൽ അജ്ഞാതയെന്ന് രേഖപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കി. കസ്റ്റഡിയിലുള്ള വിദേശ വനിതയെ പിന്നീട് ഹോംസ്റ്റേയിലേക്ക് മാറ്റി. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. വിദേശ പൗരയായതിനാൽ അവരുടെ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.