‘ലീഡറുടെ ശാപം’ കുടഞ്ഞിട്ടത് ഗ്രൂപ് കാലം; പുളഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം
text_fieldsകെ. കരുണാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒപ്പംനിർത്തി കെ. മുരളീധരൻ തൊടുത്തുവിട്ട കൂരമ്പ് കോൺഗ്രസിലെ ഓർമിക്കാൻ ആഗ്രഹിക്കാത്ത ഗ്രൂപ് കാലത്തേക്കാണ് തുളഞ്ഞുകയറുന്നത്. ലീഡർ കെ. കരുണാകരന്റെ ശാപമേൽക്കാത്തയാളാണ് വി.ഡി. സതീശനെന്നും തന്നെയും സതീശനെയും പിന്ബെഞ്ചിലിരുത്തിയവര് പിന്നീട് പിന്ബെഞ്ചിലായി എന്നുമാണ് കഴിഞ്ഞ ദിവസം തൃശൂരിൽ മുരളീധരൻ തുറന്നടിച്ചത്.
കരുണാകരന്റെ ശാപമേൽക്കാത്ത നേതാവ് എന്നതിലൂടെ സതീശന് രാഷ്ട്രീയ വിശുദ്ധി പ്രഖ്യാപിച്ച മുരളീധരൻ, മറുഭാഗത്ത് നിലവിൽ തലയെടുപ്പോടെ നിൽക്കുന്ന നേതാക്കളുടെ ഒരുനിരയെ തന്നെയാണ് ആരോപണമുനയിലേക്ക് ചേർത്തുനിർത്തിയത്. ലീഡറെ ഒറ്റപ്പെടുത്തിയ ഐ ഗ്രൂപ്പിലെ തിരുത്തൽവാദ വിഭാഗത്തെയും ഒപ്പം 2011ൽ തനിക്കും സതീശനും മന്ത്രിസഭയിലേക്ക് വഴിയടച്ചവരെയുമാണ് മുരളീധരൻ ലക്ഷ്യമിട്ടത്.
ഉന്നംവെച്ചർക്ക് നിഷേധിക്കാനോ പ്രതിരോധിക്കാനോ ഉള്ള പഴുതുകളൊന്നും നൽകാതെ കരുതിക്കൂട്ടിയാണ് വാക്കുകളും. പ്രതികരണത്തിന് നിന്നാൽ ആരോപണങ്ങൾ സ്വയം വരിക്കുന്നതിനും ഏറ്റെടുക്കുന്നതിനും തുല്യമാകും. കരുണാകരന് മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പാർട്ടിക്കുള്ളിൽ കരുണാകര വികാരമുള്ളവർ ഇപ്പോഴുമുണ്ട്. ഫലത്തിൽ പരാമർശം നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി മിണ്ടാനാകാത്ത നിസ്സഹായതയുണ്ട്.
കരുണാകരൻ കരുത്തനും മുഖ്യമന്ത്രിയുമായിരുന്ന 1991ലാണ് ഐ ഗ്രൂപ്പിനുള്ളിൽ തന്നെ ലീഡർക്കെതിരെ അദ്ദേഹത്തിന്റെ വിശ്വസ്തരായ അന്നത്തെ യുവനേതാക്കൾ ചേർന്ന് തിരുത്തൽവാദ ഗ്രൂപ്പിന് രൂപംനൽകുന്നത്. 1992 ജൂലൈ മൂന്നിന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് കരുണാകരനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ ഘട്ടത്തിൽ വിശ്വസ്തരെ പരിഗണിക്കാതെ സി.വി. പത്മരാജനാണ് മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല നൽകിയത്.
ഇതിലുള്ള അതൃപ്തിയും തിരുത്തൽവാദ ഗ്രൂപ്പിന് വളമേകി. കരുണാകരന് ചികിത്സ കഴിഞ്ഞെത്തിയിട്ടും ഇവർക്ക് പഴയ പരിഗണന നൽകിയതുമില്ല. സ്വന്തം തട്ടകത്തിൽനിന്നുള്ള അപ്രതീക്ഷിത ഗ്രൂപ് നീക്കം കരുണാകരനെ വ്യക്തിപരമായും രാഷ്ടീയമായും ഏറെ പ്രയാസപ്പെടുത്തുകയും ചെയ്തു. ഒരുവേള കരുണാകരനെ താഴെയിറക്കാൻ എ ഗ്രൂപ്പുമായി രഹസ്യ സഹകരണത്തിൽ വരെ തിരുത്തൽവാദ ഗ്രൂപ് എത്തിച്ചേർന്നുവെന്നതും ചരിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.