അമ്മത്തണൽ മാഞ്ഞു; രാധാകൃഷ്ണനെ കാത്തിരിക്കാൻ ഇനി ചിന്നയില്ല
text_fieldsഅമ്മ ചിന്നയുടെ മൃതദേഹത്തിനരികെ കെ. രാധാകൃഷ്ണൻ എം.പി
ചേലക്കര (തൃശൂർ): മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പനയോല മേഞ്ഞ വീടിന് മുന്നില്‍നിന്ന് ഉമ്മ നല്കി പ്രിയപുത്രനെ യാത്രയാക്കുന്ന ചിന്നയുടെ ചിത്രം മലയാളികളുടെയെല്ലാം ഓർമയിൽ ഇന്നുമുണ്ട്. ആ അമ്മത്തണൽ മാഞ്ഞ വാർത്തയറിഞ്ഞവർക്കെല്ലാം അത് സങ്കടനിമിഷങ്ങളായതും അതിനാലാണ്. കെ. രാധാകൃഷ്ണൻ എന്ന ജനനേതാവിനെ കാത്തിരിക്കാൻ ഇനി ഈ വീട്ടിൽ അമ്മ ചിന്നയില്ല. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ആലത്തൂർ എം.പിയുമായ കെ. രാധാകൃഷ്ണൻ ഔദ്യോഗിക തിരക്കുകളും നീണ്ട യാത്രകളും പാർട്ടി ചുമതലകളുമെല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ എത്ര വൈകിയാലും ചിന്ന കാത്തിരിക്കുമായിരുന്നു.
ഇടുക്കി പുള്ളിക്കാനത്തെ തേയില എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു ചിന്നയും ഭര്‍ത്താവ് കൊച്ചുണ്ണിയും. അച്ഛന്റെ നാട് ചേലക്കരയിലായതിനാല് രാധാകൃഷ്ണനുള്‍പ്പെടെയുള്ള മക്കള്‍ ചേലക്കരയിലെ അമ്മായി ചിന്നയുടെ വീട്ടിലായിരുന്നു താമസിച്ച് പഠിച്ചിരുന്നത്. അവധിക്കാലങ്ങളിൽ രാധാകൃഷ്ണന് അമ്മയെ തോട്ടം ജോലികളില്‍ സഹായിക്കാന്‍ പുള്ളിക്കാനത്തെത്തുമായിരുന്നു. 1987ല്‍ അച്ഛന് മരിച്ചതോടെ എസ്റ്റേറ്റിലെ ജോലി രാധാകൃഷ്ണന്റെ സഹോദരന് രമേശന് ഏറ്റെടുത്തു.
വാഗമണ്ണിലെ എസ്റ്റേറ്റ് ലായത്തിൽനിന്ന് മന്ത്രിയായും സ്പീക്കറായും പാർലമെന്റ് അംഗവുമായ രാധാകൃഷ്ണൻ എന്ന നേതാവിന്റെ വളർച്ചക്കു പിന്നിലെന്നും താങ്ങും തണലുമായിരുന്നു അമ്മ. ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെയെല്ലാം വളർത്തിയത്. തോട്ടം തൊഴിലാളിയായിരിക്കെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പലതവണ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചിന്ന ഒരു സമരസഖാവുമായിരുന്നു.
1990ലാണ് എസ്റ്റേറ്റിലെ ജോലി അവസാനിപ്പിച്ച് ചേലക്കരയിൽ എത്തിയത്. രാധാകൃഷ്ണനൊഴികെയുള്ള മക്കളെല്ലാം വിവാഹിതരായി. അവിവാഹിതനായ രാധാകൃഷ്ണനോടൊപ്പം തോന്നൂർക്കരയിലെ വീട്ടിലായിരുന്നു ചിന്നയുടെ താമസം. മകനെ കാണാൻ വരുന്നവർക്കെല്ലാം ചിന്ന ചായ കരുതിയിട്ടുണ്ടാകും. മകനെ തന്നെക്കാളും സ്നേഹിച്ചത് നാട്ടുകാരായിരുന്നെന്ന് പറഞ്ഞിരുന്ന ചിന്ന അതിൽ സന്തോഷമേയുള്ളൂവെന്നും പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.