കാറിൽ മോദിക്കെതിരെ മുദ്രാവാക്യം; കഴക്കൂട്ടത്ത് ഉടമ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് മീറത്ത് സ്വദേശി രമണ്‍ജിത്ത് സിങ്ങിനെയാണ് (37) മ്യൂസിയം പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കാർ ഉപേക്ഷിച്ച് പോയ ഇയാളെ കഴക്കൂട്ടത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഇയാൾ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നെന്നും അതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് വിൽപനയുമായി ബന്ധപ്പെട്ടാണ് കേരളത്തിലെത്തിയതെന്ന് രമൺജിത്ത് പൊലീസിനോട് പറഞ്ഞു.
പഞ്ചാബ് സ്വദേശികളായ രമണ്ജിത്തിന്റെ കുടുംബം ഇപ്പോള്‍ മീറത്തിലാണ് താമസം. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പറയുന്നു. കഴിഞ്ഞദിവസം പട്ടത്തെ ബാർ ഹോട്ടലില്‍നിന്നാണ് നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ വാഹനം കസ്റ്റഡിയിലെടുത്തത്. പഴകിയ വസ്ത്രങ്ങളും ഏതാനും ഇലക്ട്രോണിക് ഉപകരണങ്ങളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയില്ല. എന്നാൽ, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയതിന് ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.