കായിക അധ്യാപക-വിദ്യാർഥി അനുപാതം ഇനി 1:300
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കായിക അധ്യാപക-വിദ്യാർഥി അനുപാതം 1:300 ആയി പുനക്രമീകരിക്കുന്നു. നിലവിൽ 1:500 ആയിരുന്നു അനുപാതം. കഴിഞ്ഞദിവസം തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2017 സെപ്റ്റംബർ ഏഴിലെ സർക്കാർ ഉത്തരവ് പ്രകാരം 2017-18 അധ്യയന വർഷം സംരക്ഷണത്തിന് അർഹതയുണ്ടായിരുന്നതും എന്നാൽ കേരള വിദ്യാഭ്യാസ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവരുമായ കായിക അധ്യാപകരെ സംരക്ഷിക്കുന്നതിനായാണ് അധ്യാപക-വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കാനുള്ള തീരുമാനം.
യു.പി വിഭാഗത്തിൽ 1:300 അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന കായികാധ്യാപകരെ പ്രസ്തുത സ്കൂളിലെ എൽ.പി. വിഭാഗം കൂടി ക്ലബ് ചെയ്ത് സംരക്ഷിക്കും. ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണത്തിന് പത്താം ക്ലാസിലെ പിരീഡുകളുടെ എണ്ണവും കൂടി പരിഗണിക്കും. യു.പി വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗം കായികാധ്യാപകനെ യു.പി. വിഭാഗത്തിൽ കൂടി ക്ലബ് ചെയ്ത് സംരക്ഷിക്കും.
അനുപാതം കുറച്ച് സംരക്ഷണം നൽകിയിട്ടുള്ള കായികാധ്യാപകരെ അവരുടെ കാറ്റഗറിയിൽ തൊട്ടടുത്ത് വരുന്ന ഒഴിവുകളിൽ തന്നെ ക്രമീകരിക്കാനുമാണ് യോഗത്തിൽ തീരുമാനമായത്. ഈ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. കായികാധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനങ്ങൾ സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.