കന്യാസ്ത്രീകളെ മോചിപ്പിക്കുംവരെ സമരം തുടരും -മാർ ആൻഡ്രൂസ് താഴത്ത്
text_fieldsതൃശൂർ: ഛത്തിസ്ഗഢിൽ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധറാലിയും സമ്മേളനവും നടന്നു. കന്യാസ്ത്രീകളെ മോചിപ്പിക്കുംവരെ പ്രതിഷേധങ്ങൾ തുടരുമെന്ന് സംഗമം ഉദ്ഘാടനംചെയ്ത സി.ബി.സി.ഐ പ്രസിഡൻറും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ ബന്ദിയാക്കരുതെന്നും ക്രൈസ്തവർക്ക് ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനും സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാനും സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹം കടുത്ത വിവേചനമാണ് നേരിടുന്നത്. മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടുംകൂടി, പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികൾക്ക് തൊഴിൽ നൽകാൻ സഹായിച്ച സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ജയിലിലടച്ചത് രാജ്യത്തിന് നാണക്കേടാണ്. തൃശൂർ കോർപറേഷനു മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ അദ്ദേഹം പറഞ്ഞു.
ആഗ്രയിലെ ആശുപത്രിയിലേക്ക് ഛത്തിസ്ഗഢിൽ നിന്നുള്ള ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സി.എൻ.ഐ) സഭാംഗങ്ങളായ പെൺകുട്ടികളെയാണ് കൊണ്ടുപോയത്. ഇവരുടെ സഹോദരനാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അവിടെവെച്ചാണ് കന്യാസ്ത്രീകൾ ഇവരെ ആദ്യമായി കാണുന്നതുപോലും. എന്നാൽ, മനുഷ്യക്കടത്തിന് കേസെടുത്താൽ ജാമ്യം കിട്ടുമെന്ന് മനസ്സിലാക്കി പിന്നീട് എഫ്.ഐ.ആറിൽ മതപരിവർത്തന ശ്രമം എന്ന കുറ്റംകൂടി ബോധപൂർവം കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് ഭരണഘടനവിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കേ ഇന്ത്യയിലെ അവികസിത സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലിയിൽ അതിരൂപതക്കു കീഴിലുള്ള വിവിധ പള്ളികളിൽനിന്നുള്ള വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അണിനിരന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.