വിശദീകരണം നൽകാൻ വി.സിമാർക്ക് തിങ്കളാഴ്ച വരെ സമയം
text_fieldsകൊച്ചി: സ്ഥാനമൊഴിയാതിരിക്കാൻ കാരണം തേടി ചാൻസലറായ ഗവർണറുടെ നോട്ടീസിന് മറുപടി നൽകാൻ സംസ്ഥാനത്തെ എട്ട് വൈസ് ചാൻസലർമാർക്ക് ഹൈകോടതി തിങ്കളാഴ്ച വരെ സമയം അനുവദിച്ചു. ഏഴിന് വൈകുന്നേരം അഞ്ചിനകം ഇവർക്ക് മറുപടി നൽകാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നേരിട്ട് വിശദീകരണം നൽകാൻ കൂടുതൽ സമയം വേണ്ടവർക്ക് ആവശ്യപ്പെടാം.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വിശദീകരണം നൽകണമെന്നായിരുന്നു ചാൻസലറുടെ നിർദേശം. കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാൻസലർമാർ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചാൻസലർ സമയം തേടിയതിനെ തുടർന്ന് ഹരജി വീണ്ടും നവംബർ എട്ടിന് പരിഗണിക്കാൻ മാറ്റി. യു.ജി.സി നടപടിക്രമങ്ങളും സർവകലാശാലാ ചട്ടങ്ങളും പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമില്ലെന്നു കാട്ടി എട്ടു വൈസ് ചാൻസലർമാർ സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ അയച്ച കത്ത് നിയമവിരുദ്ധമായതിനാൽ ഹൈകോടതി റദ്ദാക്കിയിരുന്നതായി ഹരജിക്കാർ വാദിച്ചു. കത്തിന്റെ തുടർച്ചയാണ് കാരണംകാണിക്കൽ നോട്ടീസെന്നും നിയമവിരുദ്ധമായതിനാൽ ഇതും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, നിയമനത്തിൽ തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ചാൻസലർക്ക് തിരുത്താനാവില്ലേയെന്ന് കോടതി ചോദിച്ചു.
എന്നാൽ, തങ്ങൾ തട്ടിപ്പ് നടത്തുകയോ വസ്തുത ഒളിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. വി.സിമാരായി നിയമിക്കപ്പെട്ടവരെല്ലാം യോഗ്യതയുള്ളവരാണെന്നും വ്യക്തമാക്കി. യോഗ്യത മാത്രമല്ല, നടപടിക്രമങ്ങളും പ്രധാനമാണെന്ന് കോടതി പറഞ്ഞു. നടപടിക്രമങ്ങളിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും ചാൻസലർ നോക്കിനിൽക്കണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.