വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ...
text_fieldsപോളിങ് ബൂത്തിൽ വരിനിൽക്കുന്ന വോട്ടര്‍മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് അകത്തേക്ക് കടത്തിവിടും. ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തും.
രണ്ടാമത്തെ പോളിങ് ഓഫിസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് 17എ ഫോം എന്ന വോട്ടര്‍മാരുടെ രജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതും. ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വോട്ടർ കാർഡ് ആണെങ്കിൽ EP എന്ന് ഇംഗ്ലീഷിലും മറ്റു കാർഡുകളാണെങ്കിൽ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും. അതിനുശേഷം വോട്ടറെക്കൊണ്ട് രജിസ്റ്ററില്‍ ഒപ്പുവെപ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടർക്ക് സ്ലിപ് നല്‍കും.
സ്ലിപ്പുമായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂനിറ്റ് ചുമതലയുള്ള മൂന്നാം പോളിങ് ഓഫിസറുടെ മുന്നിലാണ്. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്ട്രോള് യൂനിറ്റിലെ ബാലറ്റ് ബട്ടൺ അമര്‍ത്തും. ഇതോടെ കണ്ട്രോള് യൂനിറ്റിലെ ‘Busy’ എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂനിറ്റിലെ Ready എന്നെഴുതിയ ഭാഗത്തെ ലൈറ്റ് പച്ചനിറത്തില്‍ പ്രകാശിക്കും.
ഈസമയം വോട്ടര്‍ കൗണ്ടറില്‍ പ്രവേശിച്ച് താന്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയതിന് നേരെയുള്ള നീല ബട്ടന് അമര്‍ത്തണം. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിന് സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പുനിറത്തില്‍ പ്രകാശിക്കും.
ഈസമയം വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്ന് പുറത്തുവരും. ഇത് ഏഴു സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ കാണാം. ഈ സമയം കണ്ട്രോള് യൂനിറ്റില്‍നിന്ന് ബീപ് ശബ്ദം കേള്‍ക്കും. ഇതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസ്സിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

