‘15 ലക്ഷത്തിന് തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടർ വിളിക്കാതെ നൽകി, ടൗൺഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തൻ വെള്ളാന; ഒരു കോടി രൂപ വീതം നൽകിയാൽ പോലും ഇരകൾ എന്നേ രക്ഷപ്പെട്ടേനെ’
text_fieldsകൽപറ്റ: വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തൻ വെള്ളാനയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഒരു വർഷമായിട്ടും മാതൃകാ വീടിന്റെ നിർമാണം പോലും പൂർത്തിയായിട്ടില്ല. ഏറ്റവും മുന്തിയ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചാലും 15 ലക്ഷം രൂപയ്ക്ക് അനായാസം തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടർ വിളിക്കാതെയാണ് നൽകിയത്. സർക്കാറിന് പൂർണ ഉടമസ്ഥതയുള്ളതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും വിധിയെഴുതിയ തോട്ടഭൂമി കോടികൾ പ്രതിഫലം നൽകി ഏറ്റെടുത്തത് അഴിമതിയല്ലാതെ മറ്റെന്താണ്? പ്രതിപക്ഷ നേതാവ് ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ ഭീമമായ തുകയിൽ 200 കോടി നീക്കി വെച്ചത് മുണ്ടക്കൈ-ചൂരൽ മല പ്രദശത്തേ റോഡ് നിർമാണത്തിനും ചൂരൽമല ടൗൺ പുനരുജ്ജീവനത്തിനുമാണ്. ദുരന്തശേഷം മനുഷ്യരൊന്നും കാര്യമായി അധിവസിക്കാത്തതോ ഒഴിഞ്ഞു പോകാൻ മുറവിളികൂട്ടുന്നതോ ആയ പ്രദേശത്തുകൂടെ റോഡുകൾ നിർമിക്കാൻ ഊരാളുങ്കലിന്ന് ടെണ്ടറില്ലാതെ കരാർ കൊടുത്തത് റിസോർട്ടുകാരെയും ഊരാളുങ്കലിനെയും ഒന്നിച്ചു സഹായിക്കാനുള്ള ദുഷ്ടലാക്കിലാണ്.
വലിയ മറ്റൊരു തുക മാറ്റി വെച്ചത് പുന്നപ്പുഴ പുനരുജ്ജീവനം എന്ന പേരിലാണ്. അതി ഭയാനകയായ മണ്ണിടിച്ചിലിന് ശേഷം ലക്ഷക്കണക്കിന് ടൺ മണ്ണും പാറയും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള മണ്ടൻ തീരുമാനത്തെ പ്രതിപക്ഷകക്ഷികളോ സ്ഥലം എം.എൽ.എയോ എം.പിയോ ചോദ്യം ചെയ്യാത്തത് അർഥഗർഭമാണ്. പതിനായിരക്കണക്കിന് ഘന മീറ്റർ പാറയിലാണ് ഇവരുടെ കണ്ണ്. ദുരന്തഭൂമിയിലേയും പടവെട്ടിക്കുന്നിലെയും റാട്ടപ്പാടിയിലെയും മുണ്ടക്കെ പാടിയിലെയും മറ്റും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെക്കുറിച്ച് ആർക്കും ഒരു വേവലാതിയുമില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊഴുകിയ 800 ഓളം കോടിയുടെ മുക്കാൽ പങ്കും അഴിമതിയിൽ പുന്നപ്പുഴയിലൂടെ ഒലിച്ചു പോയി. ദുരിത ബാധിതരായവർക്ക് ഒരു കോടി രൂപ വെച്ച് പണമായി നൽകിയാൽ പോലും ഇരകൾ എന്നേ രക്ഷപ്പെട്ടേനെ. അവർ ജീവിതം കരുപ്പിടിപ്പിച്ചേനെ.
ഞൊടിയിട കൊണ്ട് ഒരു ജനപഥം ഉന്മൂലനം ചെയ്യപ്പെട്ട, ലോകം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിലൊന്നായ മുണ്ടക്കൈക്കു ശേഷവും നമ്മുടെ രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും വികസന ജ്വരം മൂർച്ഛിച്ച സംഘടിത ലോബികളും പരിസ്ഥിതി ധ്വംസനത്തിൽ നിന്നും അണുവിട പിൻവാങ്ങിയിട്ടില്ലെന്നത് അമ്പരിപ്പിക്കുന്ന യാഥാർഥ്യമാണ്. പശ്ചിമഘട്ട മലനിരകൾക്കു നേരെയുള്ള അതിക്രമം പതിന്മടങ്ങ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ‘ലോകോത്തര പുനരധിവാസം’ എന്ന് ഉദ്ഘോഷിക്കപ്പെട്ട ഇരകളുടെ പുനരധിവാസം മറ്റൊരു ദുരന്തമായി നാടിനെ വേട്ടയാടുകയാണിപ്പോഴും.
ദുരന്ത ശേഷം സർക്കാർ തിരക്കിട്ട് നിയമിച്ച ജോൺ മത്തായി കമ്മിറ്റി അപഹാസ്യവും അസംബന്ധവുമായ ശിപാർശകളാണ് സമർപ്പിച്ചത്. ദുരന്തത്തെക്കുറിച്ച് വസ്തുനിഷ്ടമായും ആഴത്തിലുള്ളതുമായ പഠനം ജോൺ മത്തായി നടത്തിയില്ല. നിയമവിരുദ്ധ റിസോർട്ടുകൾ, കരിങ്കൽ ക്വാറികൾ, വനനാശം എന്നിവയ്ക്കൊന്നും ഉരുൾപൊട്ടലിൽ ഒരു പങ്കുമില്ലെന്നും അതിതീവ്ര മഴയാണ് ഏക കാരണമെന്നും സ്ഥാപിക്കലായിരുന്നു അയാളുടെ മുഖ്യ ദൗത്യം. കമ്മറ്റി നിശ്ചയിച്ച ഗോ സോണും നോ ഗോ സോണും അശാസ്ത്രീയവും ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായിരുന്നു. സുരക്ഷിതമെന്ന് കമ്മിറ്റി വിലയിരുത്തിയ പ്രദേശങ്ങൾ അതിതീവ്ര അപകടകരമായ അരക്ഷിത പ്രദേശങ്ങളാണെന്ന് ഈ മഴക്കാലം തെളിയിച്ചിട്ടുണ്ട്.
ദുരന്തം എല്ലാവരും ആഘോഷിക്കുകയായിരുന്നു. ദുരന്ത ശേഷം വയനാട്ടിലും കേരളത്തിനകത്തും പുറത്തും നടന്ന വ്യാപകമായ പണപ്പിരിവ് നല്ലൊരു കൊയ്തായിരുന്നു. യൂത്ത് കോൺഗ്രസുകാരുടെ പിരിവിന്റെ ചീഞ്ഞളിഞ്ഞ വാർത്തകൾ കേരള സമൂഹത്തിൽ ദുർഗന്ധം വമിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദുരന്തത്തെ തുടർന്ന് വയനാട്ടിലെ ടൂറിസത്തിന് ചെറിയ ഇടിവുണ്ടായപ്പോൾ ഭരണ-പ്രതി പക്ഷനേതാക്കൾക്ക് വയറ്റിളക്കമുണ്ടായി. ഒരു മാസത്തിനകം മന്ത്രി റിയാസും കൽപറ്റ എം.എൽ.എ ടി. സിദ്ദീഖും മാത്രമല്ല, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ടൂറിസം ലോബിയുടെ ബ്രാൻഡ് അംബാസഡർമാരായി നിർലജ്ജം അവതരിച്ചു. തകർച്ചയുടെ നെല്ലിപ്പടിയിൽ എത്തിനിൽക്കുന്ന കർഷകർക്കോ ആദിവാസികൾക്കോ വേണ്ടി ഒന്നിച്ചു ചെറുവിരൽ അനക്കാത്തവർ ആണ് ഇവരൊക്കെ എന്നത് ഓർക്കപ്പെടേണ്ടതാണ്.
വയനാട്ടിലെ മലഞ്ചരിവുകളിലുള്ള അനധികൃത-അനിയന്ത്രിത ടൂറിസം ഇന്നും അരങ്ങുതകർക്കുകയാണ്. മലഞ്ചരിവുകളിലെ അരക്ഷിത പ്രദേശങ്ങളിൽ താമസിക്കുന്ന 4500 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച വിവിധ കമ്മിറ്റികൾ ശുപാർശ ചെയതിനെക്കുറിച്ച് സർക്കാരോ ജനപ്രതിനിധികളോ ചിന്തിക്കുന്നേയില്ല. അവരെ മാറ്റിപ്പാർപ്പിക്കുന്നതിന്നു പകരം കള്ളാടിയിൽ നിന്നും ആനക്കാംപൊയിലിലേക്ക് ഇരട്ട തുരങ്കം നിർമിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് സർക്കാർ. റിയൽ എസ്റ്റേറ്റു മാഫിയക്കും വൻകിട കരാറുകാർക്കും വേണ്ടിയാണിതെന്ന് വ്യക്തമാണ്.
പ്രകൃതി ദുരന്തങ്ങളുടെ ഇരകളുടെ മാന്യമായ പുനരധിവാസത്തിനായും വയനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും നിലനിൽപ്പിനായും പോരാടാൻ ജനം തയാറാകണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, ഒ.ജെ. പൗലോസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.