അരിക്കൊമ്പനെ കണ്ടു കണ്ടു, കണ്ടില്ല
text_fieldsമൂന്നാർ: രാവിലെ നാലിന് അരിക്കൊമ്പൻ ദൗത്യം ആരംഭിച്ച് കുറച്ച് കഴിയുമ്പോൾതന്നെ അരിക്കൊമ്പനെ കണ്ടെത്താനായി എന്ന വാർത്തകളാണ് പുറത്തുവന്നത്. വ്യാഴാഴ്ച വരെ ചിന്നക്കനാൽ മേഖലയിലുണ്ടായിരുന്ന അരിക്കൊമ്പൻ ദൂരേക്കൊന്നും പോകില്ല എന്ന വിശ്വാസത്തിലായിരുന്നു ദൗത്യ സംഘവും. എന്നാൽ, അപകടം മണത്തറിഞ്ഞ മട്ടിൽ ആന പൂർണമായും മേഖലയിൽനിന്ന് വിട്ടുനിന്നത് സംഘത്തെ അത്ഭുതപ്പെടുത്തി.
ആന ഉറങ്ങിപ്പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഒടുവിൽ വനം വകുപ്പ് എത്തിയത്. മറ്റ് ആനകൾക്കൊപ്പം നിൽക്കുന്ന അരിക്കൊമ്പനെ ഒറ്റക്കാക്കി മയക്കുവെടി വെക്കുക എന്ന നിർണായക ഘട്ടത്തിലേക്ക് സംഘം നീങ്ങുകയാണെന്നായിരുന്നു അടുത്ത വാർത്ത. എന്നാൽ, മറ്റ് ആനകൾക്കൊപ്പം കണ്ടത് അരിക്കൊമ്പനെയല്ല, ചക്കക്കൊമ്പനെയാണെന്ന് വൈകാതെ സ്ഥിരീകരിച്ചു. തിരച്ചിൽ തുടരുന്നതിനിടെ ആന മുള്ളന്തണ്ടിലെത്തിയെന്നും വീട് തകർത്തെന്നുമുള്ള വിവരം പുറത്തുവന്നു. തുടർന്ന്, ഇവിടം കേന്ദ്രീകരിച്ച് തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് ആന ശങ്കരപാണ്ഡ്യൻമേട്ടിലുണ്ടെന്ന് ചിലർ പറഞ്ഞത്.
മുത്തമ്മ കോളനിക്ക് സമീപവും സിമന്‍റ് പാലം പ്രദേശത്തുമെല്ലാം ആനയെ കണ്ടതായി പറഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ തിരച്ചിൽ നിർത്തി സംഘം മടങ്ങി. ഇതിനിടെ, മതികെട്ടാൻ മേഖലയിലേക്ക് ആന നീങ്ങിയതായും സംസാരമുണ്ടായി. വൈകീട്ട് ആറോടെയാണ് ആനയുടെ സാന്നിധ്യം ശങ്കരപാണ്ഡ്യൻമേട്ടിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
വെല്ലുവിളിയുണ്ട് -ഡോ. അരുൺ സഖറിയ
മൂന്നാർ: എല്ലാ ദൗത്യത്തിനുമെന്നപോലെ ഓപറേഷൻ അരിക്കൊമ്പനും അതിന്‍റേതായ വെല്ലുവിളികൾ ഉണ്ടെന്നും അവയെ അഭിമുഖീകരിക്കുകയേ നിർവാഹമുള്ളൂ എന്നും ദൗത്യസംഘത്തലവനും ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജനുമായ ഡോ. അരുൺ സഖറിയ. ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല. എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും കൃത്യമായി പറയാനാവില്ല. എപ്പോഴാണോ അവസരം ഒത്തുവരുന്നത് അപ്പോൾ നടത്തുമെന്നേ പറയാനാകൂ -അരുൺ സഖറിയ പറഞ്ഞു.
പിന്മാറില്ല -മന്ത്രി ശശീന്ദ്രന്‍
ആര്യനാട്: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തില്‍നിന്ന് വനംവകുപ്പ് പിന്മാറില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ചൂട് കൂടുതലായത് കൊണ്ടാകാം ആദ്യദിനം കണ്ടെത്താനാകാത്തത്. ദൗത്യത്തിൽനിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നു. ജനസാന്നിധ്യം ദൗത്യം പൂര്‍ത്തിയാക്കൽ ദുഷ്കരമാക്കുന്നെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.