യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവും മരിച്ചു
text_fieldsചേര്‍ത്തല: സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവും മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാര്‍ഡില്‍ വട്ടക്കരി കൊടിയാംശേരില്‍ ചന്ദ്രന്‍റെ മകന്‍ ശ്യാം ജി. ചന്ദ്രൻ (34) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 7.40നാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുസമീപം പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഭാര്യ വെട്ടക്കല്‍ വലിയവീട്ടില്‍ ആരതി പ്രദീപ് (32) മരിച്ചിരുന്നു. ഏതാനും നാളായി അകന്നുകഴിയുകയായിരുന്നു ഇരുവരും. തര്‍ക്കം സംബന്ധിച്ച് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയിലും പട്ടണക്കാട് പൊലീസിലും കേസുണ്ട്. ശ്യാമിനെതിരെ പരാതിപ്പെട്ടതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനുമുമ്പും ആരതിയെ ഇയാൾ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ശ്യാമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആരതി ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് പതിയിരുന്ന് ആക്രമിച്ചത്. അക്രമത്തിനിടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ആരതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെട്ടക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ഇഷാൻ, സിയ. ശാന്തകുമാരിയാണ് അമ്മ. ശ്യാം ജി. ചന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.