തെന്നല ബാലകൃഷ്ണപിള്ള: കോൺഗ്രസിന്റെ സൂര്യതേജസ്
text_fieldsമുൻ കെ.പി.സി.സി അധ്യക്ഷനും രാജ്യസഭ അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് അങ്ങേയറ്റം ദുഃഖവും നികത്താനാവാത്ത നഷ്ടവും ഉണ്ടാക്കുന്നതാണ്. ആദർശധീരനായ സംശുദ്ധ രാഷ്ട്രീയത്തിനുടമയായ അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തീരാനഷ്ടമാണ്. കോൺഗ്രസിന്റെ സൗമ്യമുഖമായ അദ്ദേഹം എല്ലാ കാലവും എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കുന്നത്തൂർ ശൂരനാട് നിന്നും കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ രണ്ടുതവണ നയിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വമാണ് പിൽക്കാലത്ത് കുന്നത്തൂരിൽ കോൺഗ്രസിന് പല പഞ്ചായത്തുകളും എം.എൽ.എയും എം.പിയുമൊക്കെ ലഭിക്കാൻ കാരണമായത്.
1989ൽ ആദ്യമായി ഞാൻ അടൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ തെന്നല ബാലകൃഷ്ണപിള്ള സാറായിരുന്നു എന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ. തുടർന്ന് അടൂരിലും മാവേലിക്കരയിലും ഞാൻ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള കരുണയും വാത്സല്യവും ഒരിക്കലും മറക്കാൻ കഴിയില്ല. രണ്ടുതവണ അടൂരിൽ നിന്നും നിയമസഭ സാമാജികനായ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് സോണിയ ഗാന്ധി അടക്കമുള്ളവർ അംഗീകരിച്ചിട്ടുള്ളതാണ്. പ്രവർത്തനമികവിനുള്ള അംഗീകാരമായി പാർട്ടി മൂന്ന് തവണ തെന്നല ബാലകൃഷ്ണപിള്ള സാറിനെ രാജ്യസഭയിലെത്തിച്ചു.
അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി ആദ്യതവണ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായും രണ്ടാംതവണ മൂന്ന് പേരിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടന പ്രവർത്തനത്തിന് എന്നെ നിയോഗിച്ചു. പ്രസിഡന്റ് ആയിരിക്കെ പാർട്ടിക്കായി അദ്ദേഹം നടത്തിയിട്ടുള്ള ത്യാഗങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തവയാണ്. ഒരിക്കലും ഒരുപക്ഷത്തിന്റെയും വക്താവായി നിൽക്കാതെ എല്ലാവരെയും ചേർത്തുനിർത്തിയുള്ള പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ സൂര്യതേജസ്സായ അദ്ദേഹത്തിന്റെ വിയോഗം വലിയ ശൂന്യതയാണ് കോൺഗ്രസ് പാർട്ടിക്കും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്കും സൃഷ്ടിച്ചിരിക്കുന്നത്.
മൂല്യങ്ങളുടെ മൂര്‍ത്തരൂപം –രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ളയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശാന്തമായ കരുത്ത്, സംഘടന വൈഭവം, പൊതുസേവനത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവ തലമുറകളിലുടനീളം ആഴമായ ആദരവ് നേടിക്കൊടുത്തുവെന്നും മരണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
തെന്നല സർവാദരണീയൻ -പിണറായി
തിരുവനന്തപുരം: സർവാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർഡ് പ്രസിഡന്റ് മുതൽ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയത്.
സഹകാരി എന്ന നിലയിൽ കേരളത്തിന്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവന ഗണ്യമാണ്. വ്യക്തി താൽപര്യങ്ങൾക്കതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കിവെക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്.
നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചയാൾ -വേണുഗോപാല്‍
തിരുവനന്തപുരം: ന്യായമായ കാര്യങ്ങളില്‍ നീതിയുടെയും ശരിയുടെയും പക്ഷത്ത് നിലയുറപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്ന് മാത്രം പ്രവര്‍ത്തിച്ച നേതാവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനായ അദ്ദേഹം ഒരിക്കലും പദവികള്‍ക്കായി നിലപാടുകളെ ബലികൊടുത്തില്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാദേശിക രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ അന്ന് 17 ഏക്കറിന്റെ ഭൂസ്വത്തായിരുന്നു തെന്നലയുടെ കൈകളിലുണ്ടായിരുന്നത്.
എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം വിശ്രമ ജീവിതത്തിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് 11 സെന്റ് ഭൂമി മാത്രം. ജീവനും ജീവിതവും പ്രസ്ഥാനത്തിനുവേണ്ടി എന്നതില്കവിഞ്ഞുള്ള ആശങ്കകളോ നേട്ടങ്ങളോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എല്ലാം പ്രസ്ഥാനത്തിന് സമര്‍പ്പിക്കുമ്പോള്‍, അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് ഉറപ്പുണ്ട്. ഇങ്ങനെ, അവകാശവാദങ്ങള്‍ ഉന്നയിക്കാതെ ആയുഷ്ക്കാലം മുഴുവന്‍ ഒരു കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ആരോഗ്യമുള്ളിടത്തോളം കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചുതന്ന നേതാവായിരുന്നു തെന്നല.
ഗാന്ധിദർശൻവേദി അനുശോചിച്ചു
കൊച്ചി: തെന്നല ബാലകൃഷ്ണപിള്ളയുടെ വേർപാടിൽ ഗാന്ധിദർശൻവേദി സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. അണമുറിയാത്ത ആദർശം ജീവിതത്തിൽ ഉടനീളം പുലർത്തിയ നേതാവായിരുന്നു തെന്നലയെന്ന് അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഡോ. എം.സി. ദിലീപ് കുമാർ ചെയർമാനായി ഗാന്ധിദർശൻ വേദി രൂപവത്കരിച്ചത്. എല്ലാ ജില്ലകളിലും അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ, ജന. സെക്രട്ടറി ഡോ. അജിതൻ മേനോത്ത് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.