‘നിറ ജയിൽ’ തുളുമ്പും ! സംസ്ഥാനത്തെ ജയിലുകളിൽ അംഗീകൃതശേഷിയേക്കാൾ 2705 തടവുകാർ അധികം
text_fieldsതിരുവനന്തപുരം: തടവുകാരെ ഉള്‍ക്കൊള്ളാനാകാതെ സംസ്ഥാനത്തെ ജയിലുകള്‍. അംഗീകൃത ശേഷിയേക്കാൾ 2705 തടവുകാരാണ് അധികം. 7828 പേരെ മാത്രം പാര്‍പ്പിക്കാൻ ശേഷിയുള്ള ജയിലുകളിൽ 10,533 തടവുകാരാണുള്ളത്. 2262 ശേഷിയുള്ള തെക്കൻ കേരളത്തിലെ ജയിലുകളിൽ 3577 തടവുകാരാണുള്ളത്. 2482 ശേഷിയുള്ള മധ്യമേഖലയിൽ 3263 ഉം 3084 ശേഷിയുള്ള ഉത്തരമേഖലയിൽ 3693 തടവുകാരും തിങ്ങി ഞെരുങ്ങി കഴിയുന്നു.
നിറഞ്ഞു കവിഞ്ഞ് സെന്‍ട്രല്‍ ജയിലുകൾ
സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ ജയിലുകളിലായി 2796 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ളപ്പോൾ തടവുകാരുടെ എണ്ണം 4523 ആണ്. കുറ്റവാളികളുടെ എണ്ണം കൂടിയതോടെയാണ് 2022 ജൂണിൽ തവനൂരിൽ നാലാമതൊരു ജയിൽ കൂടി തുറന്നത്. ഓപ്പൺ ജയിലുകളിൽ അംഗീകൃതശേഷിയേക്കാൾ എണ്ണം കുറവാണ്. 401 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള തിരുവനന്തപുരം നെട്ടുകൽത്തേരിയിൽ 269 തടവുകാരെയുള്ളൂ. 238 ശേഷിയുള്ള കാസർകോട് ചീമേനിയിൽ 151 തടവുകാരാണുള്ളത്.
ജോലി ഭാരവും സുരക്ഷ ഭീഷണിയും
ജയിലുകളിലെ തടവുകാരുടെ എണ്ണത്തിലുള്ള വർധന ജീവനക്കാർക്ക് ജോലി ഭാരവും സുരക്ഷ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ജയിലുകളിലെ ഗാർഡ് ചുമതലകൾക്ക് മാത്രമായി ഏകദേശം 5000 ജീവനക്കാർ വേണ്ട സ്ഥാനത്ത് 1731 പേർ മാത്രമാണുള്ളത്. 10,533 തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരുദിവസം കുറഞ്ഞത് 5187 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെയാണ് വേണ്ടത്. എന്നാൽ, ജയിൽ വകുപ്പിൽ ആകെ 1284 അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികകൾ മാത്രമേയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.