സ്ഥാനാർഥി ക്ഷാമമില്ല; ചിഹ്നത്തിന്റെ കാര്യം പറയാനാവില്ല -ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: നിലമ്പൂരിൽ സി.പി.എമ്മിന് സ്ഥാനാർഥി ക്ഷാമമില്ലെന്നും പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അനിവാര്യമായി ജയിക്കേണ്ട മണ്ഡലമാണ് നിലമ്പൂർ. വലിയ രാഷ്ട്രീയ പോരാട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ സി.പി.എം കാണുന്നത്. യു.ഡി.എഫിൽ വലിയ പ്രശ്നങ്ങളുണ്ട്. പി.വി. അൻവറിന്റെ സ്ഥാനാർഥി വരണോ യു.ഡി.എഫ് സ്ഥാനാർഥി വേണോ എന്നാണ് തർക്കം. അൻവർ പ്രത്യേകമായി നിന്നിട്ട് ഒരു കാര്യവുമില്ല. സി.പി.എമ്മിന് ഒരു ഉത്കണ്ഠയുമില്ല.
കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് സി.പി.എം കാത്തിരിക്കുകയാണെന്ന യു.ഡി.എഫ് നേതാക്കളുടെ ആരോപണത്തെ കുറിച്ച ചോദ്യത്തിന് ‘അവിടെനിന്ന് ആരെയാണ് പ്രതീക്ഷിക്കേണ്ടത്‘ എന്നായിരുന്നു മറുചോദ്യം. തങ്ങൾക്കിടയിൽ വലിയ ഭിന്നിപ്പുണ്ടെന്നും അത് മുതലെടുക്കാൻ സി.പി.എമ്മും ഇടതുമുന്നണിയും കാത്തിരിക്കുന്നു എന്നുമാണ് ഈ പറഞ്ഞതിനർഥം. സി.പി.എമ്മിന് അങ്ങനെ ആരെയും കാത്തിരിക്കേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെയാണ് സി.പി.എം കാത്തിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ വിലയിരുത്തലോ: ഒഴിഞ്ഞുമാറി പാർട്ടി സെക്രട്ടറി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യത്തിലും എപ്പോഴും ഇങ്ങനെ ചോദിക്കേണ്ടതുണ്ടോ. ഇനി ആകെ ഒറ്റ കൊല്ലമേ ഉള്ളൂ. ഉപതെരഞ്ഞെടുപ്പ് ഇല്ലെങ്കിലും സർക്കാറിനെ ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഭരണത്തുടർച്ച ഇത് അടിവരയിടുന്നു. സർക്കാറിനെ വിലയിരുത്താൻ നിലമ്പൂർ മാത്രം നോക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.