കമ്യൂണിസ്റ്റുകൾ ജ്യോതിഷിമാരെ കാണുന്നതിൽ തെറ്റില്ല; തനിക്കും ജ്യോതിഷത്തോട് താൽപര്യമുണ്ട്, വീട്ടിലും പോയിട്ടുണ്ട് -എ.കെ. ബാലൻ
text_fieldsഎ.കെ. ബാലൻ
തിരുവനന്തപുരം: സി.പി.എമ്മിലെ ജ്യോതിഷ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എ.കെ. ബാലൻ. കമ്യൂണിസ്റ്റുകൾ ജ്യോതിഷിമാരെ കാണുന്നതിൽ തെറ്റില്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. ജ്യോതിഷിമാരുമായി സംസാരിക്കുകയും സൗഹൃദവും ബന്ധവും പുലർത്തുകയും ചെയ്യുന്നതിന്‍റെ അർഥം അവർ രൂപപ്പെടുത്തുന്ന ആശയത്തോട് യോജിക്കുന്നു എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജ്യോതിഷിന്മാരുടെ വീടുകളിൽ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണമാണ്. സമയം നോക്കാനല്ല എം.വി. ഗോവിന്ദന്‍ പോയത്. ആ രീതിയിൽ പാർട്ടിയിലെ ആരും പോയിട്ടില്ല. നല്ല നമ്പർ വൺ വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദ ആശയത്തിന്‍റെ വക്താക്കളാണെന്നും എ.കെ. ബാലൻ പറഞ്ഞു.
എന്റെ മണ്ഡലത്തില്‍ എത്ര ജോത്സ്യന്മാരുണ്ട്. ഞാന്‍ എത്ര ആള്‍ക്കാരുടെ വീട്ടില്‍ പോയി വോട്ട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണ നിലയിലുള്ളതല്ലേ?. ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? സമയം നോക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അര്‍ഥം വീട്ടില്‍ കയറിക്കൂടാ എന്നുള്ളതല്ല -എ.കെ. ബാലൻ ചൂണ്ടിക്കാട്ടി.
ജ്യോതിഷിയെ കണ്ടതിൽ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി പി. ജയരാജൻ രംഗത്തെത്തി. അത്തരത്തിൽ വിമർശനം ഉയർന്നിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദൻ പറഞ്ഞതിൽ കൂടുതൽ പറയാനില്ലെന്ന് പി. ജയരാജൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പയ്യന്നൂരിലെ പ്രശസ്ത ജോത്സ്യനെ സന്ദർശിച്ച ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ഇതിന് പിന്നാലെ എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നതെന്ന് സംസ്ഥാന സമിതിയിൽ കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് ഉന്നയിച്ചതായ വാർത്തയും പുറത്തുവന്നു.
വിവാദ വാർത്തക്ക് പിന്നാലെ സി.പി.എം നേതാക്കൾ ജോത്സ്യനെ സന്ദർശിച്ചുവെന്ന വിമർശനം തള്ളി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി ഗോവിന്ദൻ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.