മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ ‘കുട്ടികളെ സ്റ്റേഷൻ കയറ്റുന്ന ഉത്തരവുകളുണ്ടാകരുത്’
text_fieldsകൊച്ചി: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാനുള്ള ഉത്തരവുകൾ കുടുംബ കോടതികളിൽ നിന്നുണ്ടാകരുതെന്ന് ഹൈകോടതി. തർക്കങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്കോ കോടതികളിലേക്കോ വലിച്ചിഴക്കുന്ന അവസ്ഥയുണ്ടാകരുത്. ഇത്തരം സാഹചര്യങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. കൈവശ കാലാവധി കഴിഞ്ഞ് മാതാപിതാക്കൾ തമ്മിൽ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ വെച്ച് കൈമാറണമെന്ന് നിർദേശിക്കുന്ന തൃശൂർ കുടുംബ കോടതി ഉത്തരവ് ഒരു കേസിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എൻ.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം.
കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തർക്കമുള്ള കേസുകളിൽ ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ മാത്രമേ കുട്ടികളെ കോടതികളിൽ വിളിച്ചു വരുത്താവു എന്ന് നേരത്തെ ഇതേ ബെഞ്ച് നിർദേശം നൽകിയിരുന്നു. കോടതിയിലേക്ക് വിളിച്ചുവരുത്തുന്നത് അവർക്കു മാനസിക ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു നിർദേശം. എന്നാൽ, ഇതിനെക്കാൾ വലിയ ആഘാതമാണ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ അവർക്കുണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യം എല്ലാ കുടുംബ കോടതി ജഡ്ജിമാരെയും അറിയിക്കണമെന്ന് രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി. കുട്ടി ഈ മാസം രണ്ട് മുതൽ 26 വരെ പിതാവിന്റെ സംരക്ഷണയിലാണ്. അമ്മക്ക് കൈമാറാൻ 27ന് രാവിലെ 11ന് കോടതിയിൽ ഹാജരാക്കണമെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് കുടുംബ കോടതി തുടർ തീരുമാനമെടുക്കണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.