രാഹുലിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു; പാർട്ടിയുടെ അന്തസ് അതിനെല്ലാം മുകളിൽ -വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: ലൈംഗികപീഡനം, ഗർഭഛിദ്രം അടക്കമുള്ള ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെയും അദ്ദേഹത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെയും കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്നു രാഹുലെന്നും നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
രാഹുലിന് മാത്രമല്ല, മിടുക്കരായ എല്ലാ ചെറുപ്പക്കാർക്കും അകമഴിഞ്ഞ പിന്തുണ നൽകാറുണ്ട്. ചെറുപ്പക്കാലത്ത് അവഗണനയും അരക്ഷിതബോധവും നേരിട്ട താൻ നേതൃത്വത്തിൽ ഉള്ളപ്പോൾ മറ്റുള്ളവർക്ക് അത് ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ, ആരോപണം ഉയർന്നപ്പോൾ മുഖം നോക്കാതെ നടപടിയെടുക്കുക എന്ന മാർഗമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. വലിയ ഹൃദയവേദനയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷെ പാർട്ടിയുടെ അന്തസ് അതിനെല്ലാം മുകളിലാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അവർ എന്നെയാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തിൽ മികവ് പ്രകടിപ്പിച്ച ഒരു ചെറുപ്പക്കാരന് പിന്തുണ കൊടുത്തതിൽ എന്താണ് തെറ്റ്?. അയാളുടെ ഉള്ളിലുള്ളത് നമുക്ക് അറിയില്ലല്ലോ?. റിനി ആൻ ജോർജിന്‍റെ വിഷയത്തിൽ, ഒരു മകൾ വന്ന് പിതാവിനോട് അങ്ങനെ ഒരു കാര്യം പറയുമ്പോൾ ചെയ്യേണ്ടത് അന്ന് ചെയ്തിട്ടുണ്ട്. രാഹുലിനെ വിളിച്ചു താക്കീത് ചെയ്തു. പിന്നീട് ഉണ്ടായിട്ടുമില്ല. ഇപ്പോൾ ഉയർന്നത് പോലത്തെ ആരോപണങ്ങളൊന്നും അന്ന് അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടില്ല. ഉയർന്ന ആരോപണങ്ങളെ കുറിച്ച് രാഹുൽ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തൃപ്തികരമായ മറുപടി പറഞ്ഞിട്ടില്ല. രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നും സതീശൻ വ്യക്തമാക്കി.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല. ഞങ്ങൾ കാരണം അവിടെ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. വീണ്ടും ഞങ്ങൾ എടുക്കുന്ന ഒരു തീരുമാനത്തിന്‍റെ ഫലമായി മറ്റൊരു തെരഞ്ഞെടുപ്പ് ജനങ്ങളിൽ അടിച്ചേൽപ്പിക്കണോ എന്നും സതീശൻ ചോദിച്ചു. ആരോപണങ്ങളുടെ പേരിൽ രാജി എന്ന കീഴ്വഴക്കമില്ലെന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത് 100 ശതമാനം ശരിയാണ്. രാഹുലിന്‍റെ പോലെ സമാന ആരോപണങ്ങൾ നേരിട്ട എത്രയോ പേർ സ്ഥാനങ്ങളിൽ തുടരുകയല്ലേ എന്നും സതീശൻ ചൂണ്ടിക്കാട്ടി.
രാജി ആവശ്യം ഉന്നയിച്ച കോൺഗ്രസിലെ വനിതാ നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാവരുമായി സംസാരിച്ച് ഏകാഭിപ്രായത്തിലെത്തിയ ശേഷമാണ് തീരുമാനമെടുത്തത്. വിദഗ്ധാഭിപ്രായം തേടി വേണ്ടത് ചെയ്യും. കോൺഗ്രസ് പ്രതിനിധിയായി രാഹുൽ കേരള നിയമസഭയിൽ പ്രവർത്തിക്കില്ലെന്നും വി.ജി. സതീശൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.