കരിപ്പൂരിൽ സ്വർണം തട്ടാൻ മൂന്നാമതൊരു സംഘം കൂടി ഉണ്ടായിരുന്നു
text_fieldsകൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച സ്വർണം ലക്ഷ്യമിട്ട് മൂന്നാമതൊരു സംഘം കൂടി എത്തിയതായി കസ്റ്റംസ്. അറസ്റ്റിലായ പ്രതി മുഹമ്മദ് ഷെഫീഖാണ് ഇതുസംബന്ധിച്ച് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി യൂസഫാണ് ഈ സംഘത്തിെൻറ തലവനെന്നാണ് സൂചന. ഇയാളോട് ബുധനാഴ്ച കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകി. ഇയാൾ ഒളിവിലാണെന്നാണ് സൂചന. അർജുൻ, കൊടുവള്ളി സംഘത്തിലെ പ്രധാനി സുഫിയാൻ എന്നിവർക്ക് പുറമെയാണ് യൂസഫും സ്വർണം തട്ടാൻ എത്തിയത്. യൂസഫ് അർജുൻ ആയങ്കിയുടെ പഴയ കൂട്ടാളികൂടിയാണ്. സുഫിയാൻ സംഘത്തിനുവേണ്ടി കൊണ്ടുവന്ന സ്വർണം അർജുന് കൈമാറിയാൽ ടി.പി വധക്കേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായാണ് ഷെഫീഖ് കസ്റ്റംസിനോട് വിവരിച്ചത്. ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണത്തോടെ സ്വർണം കൊണ്ടുപോകാൻ കഴിയുമെന്നും അർജുൻ പറഞ്ഞു.
അതേസമയം, മഞ്ചേരി സബ് ജയിലിൽ തനിക്ക് വധഭീഷണിയുണ്ടായെന്ന് മുഹമ്മദ് ഷെഫീഖ് വെളിപ്പെടുത്തി. ചെർപ്പുളേശ്ശരി സംഘമാണ് ഭീഷണിപ്പെടുത്തിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഷെഫീഖിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയപ്പോൾ നടത്തിയ വെളിപ്പെടുത്തൽ എഴുതിനൽകാൻ ആവശ്യപ്പെട്ട കോടതി, പിന്നീട് കാക്കനാട് സബ് ജയിലിലേക്ക് അയക്കാൻ നിർദേശിച്ചു. ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷെഫീഖ് തിരിച്ചറിഞ്ഞു.
കള്ളക്കടത്ത് സ്വർണം ഏറ്റുമുട്ടലിലൂടെയാണ് സംഘങ്ങൾ കൈവശപ്പെടുത്തുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ദുബൈയിൽനിന്ന് സ്വർണവുമായി വരുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കി സ്വന്തം ഹവാല ചാനലുകൾ വഴിയാണ് വിപണനം നടത്തുന്നത്. പലപ്പോഴും ആളുമാറി തട്ടിക്കൊണ്ടുപോകലും നടന്നിരുന്നു. അതിനിടെ, കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയെടുത്തു. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാർഥിയായ അമല ഹാജരായത്. അർജുന്റെ സാമ്പത്തിക ഇടപാടുകള് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.
കൃത്യമായ വരുമാനം ഇല്ലാത്ത അർജുൻ ആർഭാട ജീവിതം നയിച്ചതിെൻറ സാമ്പത്തിക സ്രോതസ്സാണ് കസ്റ്റംസിെൻറ ചോദ്യം ചെയ്യലിൽ കൂടുതലും ഊന്നിയത്. ഭാര്യയുടെ മാതാവ് നൽകിയ പണം കൊണ്ടാണ് വീട് വെച്ചതെന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ, ഇത് അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ഭർത്താവിെൻറ മൊഴിയിൽ ഇവരും ഉറച്ചുനിൽക്കുന്നുവെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.