Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതൃമാറ്റം ഉണ്ടാകില്ല; പ്രവർത്തന ശൈലിയിൽ മാറ്റം, പ്രാദേശികതലത്തിൽ സംസ്ഥാന നേതൃത്വം ഇടപെടും: എം.വി ഗോവിന്ദൻ

text_fields
bookmark_border
mv govindan
cancel
camera_alt

എം.വി. ഗോവിന്ദൻ


കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടാകുമെന്നും പ്രാദേശികതലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാർഗരേഖ അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. തിരുത്തേണ്ടതെല്ലാം തിരുത്തുമെന്ന് പറഞ്ഞ അദ്ദേഹം, എന്തൊക്കെ തിരുത്തലുകൾ വേണമെന്നത് മാധ്യമങ്ങളോട് പറയാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും. പ്രാദേശികതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടും. നേതാക്കളുടെ പ്രവർത്തനം മൂന്ന് മാസം കൂടുമ്പോൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ചർച്ചകൾക്ക് ശേഷം കരട് മാർഗരേഖയിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തിയതായി ഗോവിന്ദൻ സ്ഥിരീകരിച്ചു. തിരുത്തലുകൾ വരുത്തുന്നതിനായാണ് കരട് രേഖ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം പുതിയ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കാലഘട്ടത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണമെന്നതും പ്രധാന വിഷയമാണ്. കേരള രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വർഗീയ ധ്രുവീകരണത്തെ ഗൗരവത്തോടെ കാണണമെന്നും ഗോവിന്ദൻ പറഞ്ഞു.

മുസ്ലിം ലീഗിനെതിരെയും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ലീഗിന് ന്യൂനപക്ഷങ്ങളോടുള്ള താൽപ്പര്യമല്ല, മറിച്ച് സമ്പന്ന രാഷ്ട്രീയ താൽപ്പര്യമാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിലും ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇഡിയും മാധ്യമങ്ങളും പാർട്ടിയെ കടന്നാക്രമിക്കുന്നുവെന്ന് എം.എ. ബേബി പറഞ്ഞതായി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ ബേബിയുടെ പ്രസംഗത്തിൽ ഇഡിയെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചിട്ടില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പ്രസംഗത്തിൽ ഇഡിയുടെ പേര് പറയേണ്ട കാര്യമില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. നേതൃത്വത്തെ ആക്രമിക്കുന്നത് പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി എങ്ങനെയാണ് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് അറിയാമെന്നും നേതാക്കളുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഓരോ ജില്ലയ്ക്കും 30 മിനിറ്റ് വീതമാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. ആകെ എട്ട് മണിക്കൂറാണ് പൊതു ചർച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. നാളെയും പൊതു ചർച്ച തുടരും. പാർട്ടി ഭരണഘടനയിലെ 23(3) പ്രകാരമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There will be no change in leadership- there will be a change in working style- MV Govindan
Next Story