‘റോഡുകളുടെ ശോച്യാവസ്ഥയും അശാസ്ത്രീയ ഗതാഗത നിയന്ത്രണവും’; ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് കാരണം ഇവയാണ്
text_fieldsചാലക്കുടി സൗത്ത് മേൽപാലത്തിലും താഴെയും രൂപപ്പെട്ട ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ
ചാലക്കുടി: ദേശീയപാത 544ൽ ചാലക്കുടി മേഖലയിൽ തുടർച്ചയായ ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെ മുരിങ്ങൂരിൽ തടിലോറി മറിഞ്ഞതിനെ തുടർന്ന് ആരംഭിച്ച രൂക്ഷമായ കുരുക്ക് ദിവസം മുഴുവൻ നീണ്ടുനിന്നു. അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്തെ റോഡുകളുടെ ശോച്യാവസ്ഥയും അശാസ്ത്രീയ ഗതാഗത നിയന്ത്രണവുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മുരിങ്ങൂരിൽ റോഡിലെ വലിയ കുഴിയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് തുടക്കമിട്ടത്. അപകടത്തിൽ ആളപായം ഒഴിവായെങ്കിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രാത്രി 11 മണിയോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയും ഉച്ചക്കുശേഷവും വാഹനങ്ങളുടെ നീണ്ടനിര തുടർന്നു. ഇതോടെ ചാലക്കുടി നഗരം നിശ്ചലമാവുകയും യാത്രക്കാർ കടുത്ത ദുരിതത്തിലാവുകയും ചെയ്തു.
അടിപ്പാത നിർമാണം നടക്കുന്ന ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലെ റോഡുകൾ അതീവ അപകടകരമായ അവസ്ഥയിലാണ്. പലയിടത്തും ടാറിങ് തകർന്ന് ഭീമാകാരമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്നതോടെ ഈ കുഴികളിൽ വെള്ളം നിറയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
ചെറുവാഹനങ്ങളെ മാത്രം ബദൽ വഴികളിലേക്ക് തിരിച്ചുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തൃശൂർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കൊടകര-ആളൂർ വഴിയും പോട്ട വഴിയും ചാലക്കുടി-അഷ്ടമിച്ചിറ വഴിയും മുരിങ്ങൂർ-മേലൂർ വഴിയും എറണാകുളം ദിശയിലേക്ക് പോകുന്നത് തുടരണം.
അങ്ങനെ വരുമ്പോൾ ദേശീയപാതയിൽ കണ്ടെയ്നറുകൾക്കും മറ്റു വലിയ വാഹനങ്ങൾക്കും പോകാൻ സൗകര്യമാകും. അതുപോലെ എറണാകുളം ദിശയിൽനിന്നു വരുന്ന വാഹനങ്ങൾ പൊങ്ങം-മംഗലശ്ശേരി വഴിയും ചിറങ്ങര ഓവർബ്രിഡ്ജിലൂടെ കാടുകുറ്റി വഴിയും തൃശൂർ ദിശയിലേക്ക് പോകുന്നതും തുടരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.