88 സെ.മീ. മാത്രം ഉയരത്തിൽ മരണം പതിയിരുന്നു; കാണേണ്ടവർ കണ്ടില്ല, തലക്ക് മുകളിലെ അപകടം
text_fieldsകൊല്ലം: പതിമൂന്നുകാരന്‍റെ ജീവൻ വൈദ്യുതിലൈനിൽ പിടഞ്ഞുവീണപ്പോൾ പ്രതിയാകുന്നത് അനാസ്ഥയിൽ തലകുനിച്ചുനിൽക്കുന്ന സംവിധാനങ്ങൾ. ഭൂനിരപ്പിൽനിന്ന് വെറും നാല് മീറ്റർ മാത്രം ഉയരത്തിൽ കടന്നുപോകുന്ന ത്രീഫേസ് വൈദ്യുതി ലൈനുകൾക്ക് താഴെ ഇരുമ്പുഷീറ്റ് വിരിച്ച പാർക്കിങ് സ്ഥലം നിർമിച്ചപ്പോൾ അനുമതി തേടാൻ പോലും സ്കൂൾ മാനേജ്മെന്‍റ് മെനക്കെട്ടില്ല. കെ.എസ്.ഇ.ബി കണ്ടഭാവം നടിച്ചില്ല. ഫിറ്റ്നസ് പരിശോധന നടത്തിയ തദ്ദേശ സ്ഥാപന അധികൃതരും കണ്ണടച്ചു. ഇത്തരത്തിൽ സംവിധാനങ്ങൾ ഒന്നൊന്നായി മുഖംതിരിച്ചതിന്‍റെ പരിണിതഫലമായാണ് കൊല്ലം തേവലക്കരയിൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്.
സ്കൂളിലെ സൈക്കിൾ ഷെഡിന്‍റെ ഷീറ്റും വൈദ്യുതി ലൈനും തമ്മിലെ അകലം 88 സെ. മീ. മാത്രമാണ്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറനിരപ്പിൽനിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ, 4.28 മീറ്റർ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വകുപ്പ് മന്ത്രിക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും അന്ത്യാഞ്ജലി അർപ്പിക്കുന്നു
40 വർഷമായി സ്കൂളിന്‍റെ വസ്തുവിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതായാണ് സ്കൂൾ മാനേജർ സ്ഥിരീകരിക്കുന്നത്. കെ.എസ്.ഇ.ബി ലൈനുകളിൽനിന്ന് രണ്ടര മീറ്റർ അകലമെങ്കിലും പാലിച്ചുവേണം നിർമാണം എന്ന നിബന്ധനയൊക്കെ ഇവിടെ കാറ്റിൽപറന്നു. വൈദ്യുതി ലൈൻ താഴ്ന്നുനിൽക്കുന്നത് അപകടമാണെന്ന് പി.ടി.എ അംഗങ്ങളും മറ്റും ചൂണ്ടിക്കാണിച്ചപ്പോൾ ഇക്കഴിഞ്ഞ മേയിൽ മാത്രമാണ് പരിഹാരം തേടി സ്കൂൾ അധികൃതർ കെ.എസ്.ഇ.ബിയെ സമീപിച്ചത്. ഇതിന് മറുപടിയായി കേബിൾ ഇടാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചതാകട്ടെ കഴിഞ്ഞ 15ന്. അതിനായുള്ള പണം ചെലവാക്കുന്നത് സംബന്ധിച്ച ചർച്ച അടുത്ത മാനേജ്മെന്‍റ് കമ്മിറ്റിയിലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
അതേസമയം, ഞങ്ങൾ അങ്ങോട്ട് അപകടസ്ഥിതി അറിയിക്കുകയായിരുന്നു എന്ന വാദവും കെ.എസ്.ഇ.ബി ഉയർത്തുന്നുണ്ട്. അപ്പോഴും സ്ഥിരം പരിഹാരം ഉണ്ടാകുന്നതുവരെ വൈദ്യുതി ലൈനുകൾ താൽക്കാലികമായി ഒന്ന് ഉയർത്തിക്കെട്ടാൻ പോലും കെ.എസ്.ഇ.ബി മെനക്കെട്ടില്ല. മൺനിരപ്പിൽനിന്നുപോലും കൈയെത്തുന്ന ഉയരത്തിലാണ് വൈദ്യുതി ലൈനുള്ളത്. ഓടുപാകിയ ഇരുനില സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ ക്ലാസുകളുടെ നിരപ്പിൽനിന്ന് പത്ത് അടിയോളം ഉയരത്തിലാണ് വശത്തായുള്ള ഷെഡിന്‍റെ ഷീറ്റ്. ചുമർകെട്ടി മറക്കാത്ത ക്ലാസിന്‍റെ ഈ ഭാഗത്ത് അരമീറ്ററോളം ഉയരത്തിൽ പലക കൊണ്ടാണ് ക്ലാസുകൾ മറച്ചിരിക്കുന്നത്. മിഥുൻ ഷീറ്റിലേക്ക് ഇറങ്ങിയത് ഇത്തരത്തിൽ കെട്ടിമറച്ച വിടവിലൂടെയാണ്. ദുർബലമായി സ്ഥാപിച്ച പട്ടികകൾ ഇളകിപ്പോയ നിലയിലാണ്. ഡെസ്ക് പിടിച്ചിട്ടാൽ കുട്ടികൾക്ക് അനായാസം കയറാൻ കഴിയുന്ന തരത്തിലുള്ള സ്ഥലത്ത്, ഈ വിടവിലൂടെയാണ് മിഥുൻ ഷീറ്റിലേക്ക് കയറിയത്.
സ്കൂളിന് ഫിറ്റ്നസ് പരിശോധനയിൽ ഗ്രീൻ സിഗ്നൽ നൽകി മൈനാഗപ്പള്ളി പഞ്ചായത്ത് അധികൃതരും കൂട്ടുനിന്നതോടെ കടുത്ത അനാസ്ഥയുടെ കളം പൂർത്തിയായി. സംഭവത്തിൽ ചീഫ് സേഫ്റ്റി കമീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകും. അന്വേഷണത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ആളിക്കത്തി പ്രതിഷേധം
ശാസ്താംകോട്ട: വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തി. നാട്ടുകാർ ഓടിക്കൂടിയതോടെ സ്കൂൾ അധികൃതർ ഗേറ്റ് പൂട്ടി. ഇതോടെ പുറത്ത് റോഡിൽ കൂടിനിന്ന ആളുകൾ സ്കൂൾ അധികൃതർക്കെതിരെയും കെ.എസ്.ഇ.ബിക്കെതിരെയും പ്രതിഷേധം ഉയർത്തി.
പിന്നീട് ബി.ജെ.പി, ആർ.എസ്.പി, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, എസ്.ഡി.പി.ഐ, യൂത്ത് ലീഗ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തി. പൊലീസ് ഗേറ്റ് പൂട്ടി പ്രതിഷേധക്കാരെ തടഞ്ഞു. ബി.ജെ.പി, യൂത്ത് കോൺഗ്രസ്, ആർ.എസ്.പി പ്രവർത്തകർ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് മതിൽ ചാടിക്കടന്ന് സ്കൂളിന് അകത്ത് പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.