ധീരരായി; അഭിമാനപൂർവം അവർ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: കുട്ടികളുടെ ധീരതക്കുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ 11 മലയാളി വിദ്യാർഥികൾ ഡൽഹിയിൽ എത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ജനുവരി 25ന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇവർക്ക് പുരസ്കാരം സമ്മാനിക്കും.
കുറ്റ്യാടി തളീക്കരയിൽ തോട്ടിൽ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തിയ 12കാരൻ മുഹമ്മദ് നിഹാദ്, കടലുണ്ടി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച തേഞ്ഞിപ്പലം ചെനക്കലങ്ങാടി മേടപ്പിൽ അഹ്മദ് ഫാസ് (15), പാറപ്പുറത്ത് മുഹമ്മദ് ഇർഫാൻ (15), വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽനിന്ന് അതിസാഹസികമായി പിഞ്ചുബാലികയെ രക്ഷപ്പെടുത്തിയ കോഴിക്കോട് കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി ടി.എൻ. ഷാനിസ് അബ്ദുല്ല, കനാലൊഴുക്കിൽ മുങ്ങിത്താഴ്ന്ന മൂന്നു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ രാമവർമപുരം പള്ളിമൂലയിലെ 10 വയസ്സുകാരി എയ്ഞ്ചൽ മരിയ ജോയ്, പുഴയിൽ മൂന്നു പേർ മുങ്ങിത്താണപ്പോൾ ഒരു കുട്ടിയുടെ തലമുടിയിൽ ചുറ്റിപ്പിടിച്ച് കരയ്ക്കെത്തിച്ച വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ശിവകൃഷ്ണൻ, കുളത്തിൽ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവൻ രക്ഷിച്ച കണ്ണൂർ കടന്നപ്പള്ളി പുതൂർക്കുന്നിലെ പാറയിൽ ഹൗസിൽ ശീതൾ ശശി, തെങ്ങിൻ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ച മലപ്പുറം അരിയല്ലൂരിലെ ഋതുജി, തോട്ടിൽ മുങ്ങിത്താഴ്ന്ന ബന്ധുക്കളായ രണ്ട് കുട്ടികളെ സാഹസികമായി രക്ഷിച്ച മലപ്പുറം വേങ്ങരയിലെ ഉമർ മുഖ്താർ, വയനാട് പാതിരിച്ചാലിലെ ജയകൃഷ്ണൻ ബാബു, മലപ്പുറം വള്ളുവമ്പ്രത്തെ മുഹമ്മദ് ഹംറാസ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയത്.
മുഹമ്മദ് നിഹാദ്, അഹ്മദ് ഫാസ്, മുഹമ്മദ് ഇർഫാൻ എന്നിവർ ഉൾപ്പെടെ 18 പേരാണ് 2022 വർഷത്തെ പുരസ്കാരത്തിന് അർഹരായവർ. അഞ്ചു മലയാളികൾ ഉൾപ്പെടെ 16 പേർ 2021ലും മൂന്നു മലയാളികളടക്കം 22 പേർ 2020ലും പുരസ്കാരത്തിന് അർഹരായവരാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാര വിതരണം നടന്നിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.