ഒരുമിച്ചുറങ്ങിയവർക്കരികിലേക്ക് അവർ വീണ്ടുമെത്തി
text_fieldsമുണ്ടക്കൈ ഉരുൾദുരന്തത്തിൽ ഭാര്യ ലക്ഷ്മിയെ നഷ്ടപ്പെട്ട തങ്കപ്പൻ പുത്തുമല ‘ഹൃദയഭൂമി’ ശ്മശാനത്തിലെ കുഴിമാടത്തിനരികിൽ
ചൂരൽമല (വയനാട്): പുത്തുമലയിലെ പൊതുശ്മശാനത്തിലെ ‘എൻ 196’ കല്ലറയിൽ ഇങ്ങനെ കൊത്തിവെച്ചിട്ടുണ്ട്. ‘അച്ഛാ...അമ്മേ... ഞങ്ങൾ ഇന്ന് സ്നേഹവാത്സല്യങ്ങൾ നിറഞ്ഞുതുളുമ്പുന്ന ഒരു കൂട്ടം കാവൽമാലാഖമാർക്ക് നടുവിലാണ്. അച്ഛനും അമ്മയും കൂടെയില്ലല്ലോ എന്ന സങ്കടമാണ് ഞങ്ങളെ അലട്ടുന്നത്. എങ്കിലും നിങ്ങൾക്ക് മുന്നിൽ പുഞ്ചിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്...’ ചൂരൽമല ഹൈസ്കൂൾ റോഡിലെ അനീഷിന്റെയും സയനയുടേയും മക്കളായ ധ്യാനും നിവേദും ഇഷാനും ഒരുമിച്ച് ഈ കല്ലറയിൽ നിത്യനിദ്രയിലാണ്ടിട്ട് കൃത്യം ഒരുവർഷം കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ജൂലൈ 30ന് മുണ്ടക്കൈയുടേയും ചൂരൽമലയുടെയും ഹൃദയംതകർത്ത് ഉരുൾ പൊട്ടിയൊലിച്ചപ്പോൾ എന്നത്തേക്കുമായി വിടപറഞ്ഞത് ആ കുഞ്ഞുങ്ങളടക്കം 298 പേരാണ്. ഇതുവരെയും കണ്ടെത്താൻ കഴിയാത്ത 32 പേരും ഇവരിലുണ്ട്.
ദുരന്ത വാർഷികത്തിൽ ഉരുൾമേഖലയിലാകെ സങ്കടക്കാഴ്ചകളായിരുന്നു. ബുധനാഴ്ച രാവിലെ ഏഴു മുതൽ ചൂരൽമലയിലേക്ക് ഒറ്റക്കും കൂട്ടായും എത്തിയവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പ്രാർഥന നടത്തി കണ്ണീരോടെ മടങ്ങി. 269 കുഴിമാടങ്ങളുള്ള പുത്തുമല ശ്മശാനത്തിന് ‘ജൂലൈ 30 പുത്തുമല ഹൃദയഭൂമി’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ 57 കുട്ടികളാണ് മരണപ്പെട്ടത്. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികളടക്കമാണിവർ. തിങ്കളാഴ്ച നടന്ന സർവമതപ്രാർഥനയിലും പുഷ്പാർച്ചനയിലും മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ്, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 10ന് മുണ്ടക്കൈ മഹല്ല് കമ്മിറ്റി പ്രാർഥനസദസ്സും നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.